സൈബർ ആക്രമണങ്ങൾക്കെതിരെ ഡിജിപിക്ക് പരാതി നൽകി മറിയ ഉമ്മൻ ചാണ്ടി, പിന്നിൽ സിപിഎം സൈബർ സംഘങ്ങളെന്ന് ആരോപണം

സൈബർ അധിക്ഷേപങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ചാണ്ടി. പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായി സമൂഹ മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടക്കുന്നുവെന്നാണ് ഡിജിപിക്ക് നൽകിയ പരാതിയിലെ ആരോപണം.

വ്യക്തിപരമായി അധിക്ഷേപിച്ചുള്ള പോസ്റ്റുകളുടെയും കമന്റുകളുടെയും സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ സിപിഎം സൈബർ സംഘങ്ങളാണെന്നും മറിയ ആരോപിക്കുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

നേരത്തെ ഉമ്മൻ ചാണ്ടിയുടെ ഇളയമകൾ അച്ചു ഉമ്മനും സൈബർ ആക്രമണത്തിനെതിരെ പോലീസിൽ പരാതിപ്പെട്ടിരുന്നു. അച്ചു ഉമ്മന്റെ പരാതിയിൽ സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായിരുന്ന നന്ദകുമാർ കൊളത്താപ്പിളളിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പോസ്റ്റിട്ടതിനാണ് അച്ചുവിന്റെ പരാതിയിൽ കേസെടുത്തത്. പരാതിക്ക് പിന്നാലെ നന്ദകുമാർ ക്ഷമാപണം നടത്തിയിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അച്ചുവിനെതിരെ വ്യാപകമായ അധിക്ഷേപങ്ങൾ ഉണ്ടായത്.

വിവാദങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും മറുപടിയുമായി അച്ചു ഉമ്മന്‍ രംഗത്തുവന്നിരുന്നു. പ്രഫഷനില്‍ പിതാവ് ഉമ്മന്‍ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും സ്വന്തമാക്കിയിട്ടില്ലെന്നും എല്ലാ കാര്യങ്ങളിലും സുതാര്യമാണെന്നുമായിരുന്നു അച്ചു ഉമ്മന്റെ പ്രതികരണം.