മാര്‍ ക്ലീമിസ് കാതോലിക്ക ബാവ മുഖ്യമന്ത്രിയെ വിളിച്ചു, ജയിലുകളിലെ വിലക്കില്‍ താത്കാലിക ഇളവ്; പെസഹ ദിന ചടങ്ങുകള്‍ നടത്താം

ജയിലുകളില്‍ പുറത്തുനിന്നുള്ളവരെത്തി മതചടങ്ങുകള്‍ നടത്തുന്നത് വിലക്കിയതില്‍ താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. പെസഹ ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കി. കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്ക ബാവ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അനുമതി തേടുന്ന സംഘടനകള്‍ക്കെല്ലാം അനുവാദം നല്‍കുമെന്ന് ജയില്‍ വകുപ്പ് അറിയിച്ചു. ഇതോടെ, വിലക്കിനെതിരെ ക്രൈസ്ത സഭകളുടെ കൂട്ടായ്മ നടത്താനിരുന്ന സമരം പിന്‍വലിച്ചു.

സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കെസിബിസിയുടെ കീഴിലുള്ള ജീസസ് ഫ്രട്ടേണിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച പെസഹാ ശുശ്രൂഷകള്‍ നടക്കും. ഇത് സംബന്ധിച്ച നിര്‍ദേശം ജയില്‍മേധാവിക്ക് നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.

ജയിലുകളില്‍ തടവുപുള്ളികള്‍ക്ക് മതപരമായ സേവനങ്ങളും മറ്റും നല്‍കുന്നത് വിലക്കിക്കൊണ്ട് ജയില്‍ ഡി.ജി.പി. ബല്‍റാംകുമാര്‍ ഉപാധ്യായ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ ബുധനാഴ്ച രണ്ടുവട്ടം മുഖ്യമന്ത്രിയുമായി ഫോണിലൂടെ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പള്ളി പറഞ്ഞു.