പി ജെ ജോസഫിന് മാണിയുടെ അന്ത്യശാസനം; സീറ്റ് നല്‍കില്ല വേണമെങ്കില്‍ പാര്‍ട്ടി വിടാം

കേരള കോണ്‍ഗ്രസില്‍ മാണി ഗ്രൂപ്പ് പി ജെ ജോസഫിന് അന്ത്യശാസനം നല്‍കി. കോട്ടയം സീറ്റില്‍ മാണി ഗ്രൂപ്പിന്റെ പ്രതിനിധിയായിരിക്കും മത്സരിക്കുക. ഇക്കാര്യത്തില്‍ വീട്ട് വീഴ്ച്ചയില്ല. ഇനി അഥവാ രണ്ടാം സീറ്റ് ലഭിച്ചാല്‍ പുതിയ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ സ്റ്റിയറിങ് കമ്മിറ്റി ചേരും.

ഇതോടെ പി.ജെ. ജോസഫ് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി കോട്ടയത്ത് മത്സരിക്കുന്നതിന് സാധ്യത മങ്ങി. രണ്ടാം സീറ്റ് ലഭിച്ചാലും സ്റ്റിയറിങ് കമ്മിറ്റി വിളിക്കുന്നതോടെ ജോസഫിനെ ഒഴിവാക്കി തന്റെ ഗ്രൂപ്പിന് തന്നെ സ്ഥാനാര്‍ത്ഥിയെ വേണമെന്ന ആവശ്യവുമായി കെ എം മാണി രംഗത്ത് വരും. 105 അംഗങ്ങളാണ് സ്റ്റിയറിങ് കമ്മിറ്റിയിലുള്ളത്. ഇവിടെ വ്യക്തമായ ആധിപത്യം മാണി വിഭാഗത്തിനുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇതാണ് കെ എം മാണിയുടെ തുറുപ്പ് ചീട്ട്.

ജോസഫ് വേണമെങ്കില്‍ പാര്‍ട്ടി വിടാമെന്നാണ് മാണി ഗ്രൂപ്പിന്റെ നിലപാട്. പി ജെ ജോസഫ് മത്സരിച്ച് ജയിക്കുകയും ലോകസ്ഭയിലെത്തിക്കുകയും ചെയ്യുന്നതിനോട് മാണി വിഭാഗത്തിന് താത്പര്യമില്ല. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ രാജ്യസഭാ എം പിയായ ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രി പദം ലഭിക്കുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നത്. പി ജെ ജോസഫ് ലോക്‌സഭയിലെത്തിയാല്‍ ഇത് ജോസഫിന് നല്‍കേണ്ടി വരും. മാത്രമല്ല കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാനായി മകനെ കൊണ്ടു വരാനാണ് മാണിയുടെ ആഗ്രഹം. ഇതും ജോസഫ് വിഭാഗം എതിര്‍ക്കുന്നുണ്ട്. ഇവര്‍ പുറത്ത് പോയാല്‍ പാര്‍ട്ടിയില്‍ പിടിമുറക്കാമെന്ന് മാണി ഗ്രൂപ്പ് കണക്ക്കൂട്ടുന്നു.