കോതമംഗലത്ത് വിഷം ഉള്ളില്‍ച്ചെന്ന് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് സൂചന; പെണ്‍സുഹൃത്ത് കസ്റ്റഡയില്‍

കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന്‍ 38 വയസുള്ള അന്‍സില്‍ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മരണം. പെണ്‍സുഹൃത്ത് വിഷം നല്‍കിയെന്ന് അന്‍സില്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇത് മരണമൊഴിയായി കണക്കാക്കിയാണ് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മുപ്പതുകാരിയായ പെണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്. മലിപ്പാറയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പെണ്‍സുഹൃത്തിന്റെ വീടിനു സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്‍സലിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്.

അന്‍സിലിനെ പെണ്‍സുഹൃത്ത് വിഷം കൊടുത്തു കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. യുവതി ഇപ്പോള്‍ കോതമംഗലം പോലീസിന്റെ കസ്റ്റഡിയിലാണ്. അന്‍സിലിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പെണ്‍സുഹൃത്തിനെ പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തത്. ചേലാട് സ്വദേശിയാണ് അന്‍സിലിന്റെ പെണ്‍സുഹൃത്ത്. ചേലാട്ടെ ഒരു കടയില്‍നിന്നാണ് കീടനാശിനി വാങ്ങിയതെന്നാണ് സൂചന ഇതിന്റെ കുപ്പിയും പൊലീസ് കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം.

ക്രിമിനല്‍ പശ്ചാത്തലമുള്ള അന്‍സില്‍ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. ചേലാട്ടെ യുവതിയുമായി കാലങ്ങളായി ബന്ധമുള്ള അന്‍സില്‍ യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ച് യുവതിയുടെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയിരുന്നു. 29-ാം തീയതിയാണ് അന്‍സില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തുന്നത്. 30-ാം തീയതി പുലര്‍ച്ചെ നാലരയോടെയാണ് തന്റെയുള്ളില്‍ വിഷം ചെന്നെന്ന കാര്യം അന്‍സില്‍ തിരിച്ചറിയുന്നതും തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് പോയതും. ആശുപത്രിയിലേക്ക് പോകുന്നവഴിയാണ്, പെണ്‍സുഹൃത്ത് തനിക്ക് വിഷം തന്നതെന്ന് ഇയാള്‍ സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞത്. കീടനാശിനി പോലുള്ളതെന്തോ ആണ് അന്‍സിലിന്റെ ഉള്ളില്‍ചെന്നിരിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Read more

പെണ്‍സുഹൃത്തുമായി ഏറെക്കാലമായി അന്‍സിലിന് അടുപ്പമുണ്ടായിരുന്നു. അന്‍സിലിന്റെ ഭാഗത്തുനിന്ന് യുവതിക്ക് ചില ദുരനുഭവങ്ങളുണ്ടാകുകയും തുടര്‍ന്ന് ഇയാളെ കരുതിക്കൂട്ടി വിളിച്ചുവരുത്തി വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്നുമാണ് സംശയിക്കുന്നത്. അന്‍സിലിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും.