കണ്ണൂരില്‍ കെ സുധാകരനെതിരെ മത്സരിക്കാന്‍ മമ്പറം ദിവാകരന്‍; സ്വതന്ത്രനായി ജനവിധി തേടും

കണ്ണൂരില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് കെപിസിസി പ്രസിഡന്റ് കെ സുധാകരനെ നേരിടാന്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍ രംഗത്ത്. കണ്ണൂരില്‍ മമ്പറം ദിവാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2021ല്‍ മമ്പറം ദിവാകരനെ കോണ്‍ഗ്രസ് അച്ചടക്കലംഘനം ആരോപിച്ച് പുറത്താക്കിയിരുന്നു.

ഇന്ദിരഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് ദിവാകരനെ പുറത്താക്കിയത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പാനലിനെതിരെ ബദല്‍ പാനലില്‍ ദിവാകരന്‍ മത്സരിക്കുകയായിരുന്നു.

Read more

കണ്ണൂരില്‍ കെ സുധാകരന്റെ എതിര്‍ പക്ഷമായ മമ്പറം ദിവാകരന്‍ ഉള്‍പ്പെട്ട പാനല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. ദിവാകരനും കെ സുധാകരനും പ്രസ്താവനകളിലൂടെ ഏറ്റുമുട്ടുന്നത് പതിവാണ്. 2016ലെ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ചതും മമ്പറം ദിവാകരനായിരുന്നു.