ശബരിമലയിൽ മകരജ്യോതി തെളിച്ചു ; ശരണം വിളികളോടെ ദർശനം നേടി ഭക്തജനങ്ങൾ

ഇന്ന് വൈകീട്ട് 6.46ഓടെ ശബരിമലയിലെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിച്ചു. ശരണംവിളികളുമായി കാത്തിരുന്ന ഭക്തജനങ്ങൾ ദർശനം നേടി മലയിറങ്ങുകയാണ്. മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരിമല സന്നിധാനവും വ്യൂ പോയൻറുകളും തീര്‍ത്ഥാടകരാല്‍ നിറഞ്ഞിരുന്നു. ഇന്ന് പുലര്‍ച്ചെ 2.30ന് മകരസംക്രമ പൂജയോടെയാണ് മകരവിളക്ക് ചടങ്ങുകള്‍ക്ക് തുടക്കമായത്.

വൈകിട്ട് 6.20ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തി. തിരുവാഭരണ ഘോഷയാത്ര പതിനെട്ടാം പടി കയറി. തുടര്‍ന്ന് സന്നിധാനത്തെ ശ്രീകോവിലിൽ അയ്യപ്പന് ദീപാരാധന. നട തുറന്നതിന് തൊട്ടു പുറകെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞപ്പോള്‍ സന്നിധാനത്തുനിന്നും ഭക്തരുടെ ശരണം വിളികള്‍ ഉയര്‍ന്നു .മകരജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും വലിയ ഭക്തജനപ്രവാഹമാണ് അനുഭവപ്പെട്ടത്.

നേരത്തെ സന്നിധാനത്ത് എത്തിയ ഭക്തർ മലയിറങ്ങാതെ സന്നിധാനത്ത് തുടരുകയായിരുന്നു.ഒന്നര ലക്ഷത്തിൽ അധികം ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് എത്തിയെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമെ മറ്റിടങ്ങളിലും പതിനായിരകണക്കിനുപേരാണ് മകരവിളക്ക് ദര്‍ശിച്ചത്. മകരവിളക്കിന് മുന്നോടിയായി സന്നിധാനത്ത് ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.