എഴുത്തുകാരി കെആര്‍ മീരയ്‌ക്കെതിരെ പൊലീസിൽ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍. കൊലപാതക പ്രസംഗം നടത്തിയെന്നാണ് പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് രാഹുല്‍ ഈശ്വര്‍ പരാതി നല്‍കിയത്. ഈ വര്‍ഷത്തെ കെഎല്‍ഫിലെ മീര നടത്തിയ പ്രസംഗത്തിലെ ചില വാക്കുകളാണ് കേസിനാധാരം.
ഷാരോണ്‍ വധക്കേസിനെ മുന്‍നിര്‍ത്തി കെആര്‍ മീര നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ‘ചില സമയത്തൊക്കെ കഷായം കൊടുക്കേണ്ടി വന്നാല്‍ പോലും, സ്ത്രീക്ക് ഒരു ബന്ധത്തില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യം ഇല്ലാതെയായാല്‍ ചിലപ്പോള്‍ അവള്‍ കുറ്റവാളിയായി തീരും. ഈ കുറ്റകൃത്യത്തിലേക്ക് അവളെ നയിക്കാതിരിക്കുക എന്നുള്ളത് ഇപ്പറഞ്ഞ എല്ലാം തികഞ്ഞ കാമുകന്റെ കടമയും കര്‍ത്തവ്യവുമാണ്. അത് ചെയ്യാതിരിക്കുമ്പോഴാണ് പ്രശ്‌നം’- എന്നായിരുന്നു കെആര്‍ മീര കെഎല്‍എഫ് വേദിയില്‍ പറഞ്ഞത്.
പിന്നാലെ വലിയ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. കൊലപാതകത്തെ ന്യായീകരിക്കുന്ന തരത്തിലാണ് പരാമർശമെന്നായിരുന്നു വിമർശനം. പരാമര്‍ശത്തില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ് നേതാവ് കെഎസ് ശബരിനാഥനും രംഗത്തെത്തിയിരുന്നു. അതേസമയം സംസ്ഥാന പുരുഷ കമ്മീഷന്‍ ബില്‍ പൂര്‍ത്തിയായെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ബില്‍ സ്പീക്കര്‍ക്ക് സമര്‍പ്പിച്ചെന്ന് രാഹുൽ പറഞ്ഞു. സ്പീക്കറുടെ അനുമതി വരും ദിവസങ്ങളില്‍ ലഭിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.