പിഎംശ്രീയിലെ സിപിഐ വിമര്‍ശനങ്ങളെ പുച്ഛത്തോടെ നേരിട്ട് എംഎ ബേബി; ഈ നില്‍പ്പ് കണ്ടാല്‍ താന്‍ നിസ്സഹായനാണെന്ന് മനസ്സിലായില്ലേ എന്ന് പരിഹാസം; 'പ്രകാശ് ബാബുവിന്റെ പരാമര്‍ശങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല'

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ നേതാവ് പ്രകാശ് ബാബു നടത്തിയ വിമര്‍ശനങ്ങളോട് പുച്ഛത്തോടെ പ്രതികരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പ്രകാശ് ബാബുവിന്റെ പരാമര്‍ശങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും ഈ നില്‍പ്പ് കണ്ടാല്‍ താന്‍ നിസ്സഹായനാണെന്ന് മനസ്സിലായില്ലേ എന്നും എം എ ബേബി പരിഹസിച്ചു പ്രതികരിച്ചു. സിപിഎം ജനറല്‍ സെക്രട്ടറിയുടെ മൗനം വേദനിപ്പിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പ്രകാശ് ബാബു ഡല്‍ഹിയില്‍ പറഞ്ഞതിന് പ്രതികരണം തേടവെയാണ് മാധ്യമങ്ങളോട് ‘ഈ നില്‍പ്പ് കണ്ടാല്‍ നിസ്സഹായനാണെന്ന് മനസ്സിലായില്ലേ’ എന്ന് എംഎ ബേബി ചോദിച്ചത്.

വിദ്യാഭ്യാസ മന്ത്രി എന്തെങ്കിലും നിര്‍ദേശംവെച്ചതായി അറിയില്ലെന്നും പിഎം ശ്രീയുടെ രേഖയില്‍ എന്‍ഇപി സമഗ്രമായി നടപ്പാക്കണമെന്ന് തന്നെയാണ് പറയുന്നതെന്നും കെ പ്രകാശ് ബാബു പറഞ്ഞിരുന്നു. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഭക്ഷണം പോലും കഴിക്കാതെ ആണ് എംഎ ബേബിയെ പോയി കണ്ടതെന്നും എല്ലാ ചോദ്യങ്ങള്‍ക്കും എംഎ ബേബിക്ക് മൗനം മാത്രം ആയിരുന്നു മറുപടിയെന്നും പ്രകാശ് ബാബു പറഞ്ഞിരുന്നു. ഇത് വ്യക്തിപരമായി വേദനിപ്പിച്ചുവെന്നും എംഎ ബേബി നന്നായി ഇടപെടാന്‍ അറിയുന്ന ആളാണെന്നും പ്രകാശ് ബാബു പറഞ്ഞിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി നിസ്സഹായനാണെന്നും പ്രകാശ് ബാബു പറഞ്ഞു. ഇതിനുള്ള പ്രതികരണമാണ് പ്രകാശ് ബാബു മറുപടി അര്‍ഹിക്കുന്നില്ലെന്ന തരത്തില്‍ സിപിഎം പാര്‍ട്ടി സെക്രട്ടറിയില്‍ നിന്നുണ്ടായത്.

Read more

ഡി. രാജയുടെ എല്ലാ ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും കൃത്യമായ മറുപടി താന്‍ നല്‍കിയിട്ടുണ്ടെന്നും എംഎ ബേബി പറഞ്ഞു. പിഎം ശ്രീ വിഷയം കേരളത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട ഒരു കാര്യമാണെന്നും സാമാന്യബുദ്ധിയുള്ളവര്‍ക്ക് ഇത് മനസ്സിലാകുമെന്നുമാണ് എംഎ ബേബിയുടെ പ്രതികരണം. ഇവിടെയിരുന്ന് സി.പി.എമ്മിന്റെ ജനറല്‍ സെക്രട്ടറിയും സി.പി.ഐയുടെ ജനറല്‍ സെക്രട്ടറിയും കൂടി തീരുമാനിക്കേണ്ടതല്ല ഈ വിഷയം. കേരളത്തിലാണ് അത് തീരുമാനിക്കേണ്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പിഎം ശ്രീയെക്കുറിച്ച് വിശദീകരണം നല്‍കിയിട്ടുണ്ട്. ഈ വിശദീകരണം സി.പി.ഐ ഓഫീസില്‍ പോയി ബിനോയ് വിശ്വത്തെ അറിയിച്ചതാണെന്നും ബേബി പറഞ്ഞു. കേരളത്തില്‍ തീരുമാനിക്കുന്നതിന് അഖിലേന്ത്യ നേതൃത്വത്തില്‍ നിന്ന് എന്ത് സഹായം ആവശ്യമുണ്ടോ, അത് ഡി. രാജയും താനും നല്‍കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.