ഇത് ക്രിസ്തീയവിശ്വാസം അല്ല, കേരളത്തിലെ വിശ്വാസികള്‍ ജോസഫ് പാംപ്ലാനിയുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കില്ല: എം.എ ബേബി

റബ്ബര്‍ വില 300 ആക്കിയാല്‍ ബിജെപിയെ സഹായിക്കും എന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം നേതാവ് എം.എ ബേബി. ഇത് ക്രിസ്തീയവിശ്വാസം അല്ലെന്ന് എം.എ ബേബി പ്രതികരിച്ചു. ആര്‍എസ്എസ് സര്‍ക്കാര്‍ കര്‍ഷകരെ കൂടുതല്‍ ഞെരുക്കണം എന്ന രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരാണ്. ക്രിസ്ത്യാനികള്‍ ആലോചിക്കേണ്ടത് നീതിയെ കുറിച്ചാണ് എന്നാണ് എം.എ ബേബി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.

എം.എ ബേബിയുടെ കുറിപ്പ്:

”റബറിന്റെ വില കിലോയ്ക്ക് മുന്നൂറ് രൂപ ആക്കിയാല്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ കേരളത്തില്‍ നിന്ന് എംപി ഇല്ലാത്തതിന്റെ വിഷമം കുടിയേറ്റ ജനത മാറ്റിത്തരും,’ എന്നു പറയുന്ന സീറോ മലബാര്‍ സഭയുടെ തലശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടേത് ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയാണ്. നീ എനിക്ക് കിലോയ്ക്ക് മുന്നൂറ് രൂപ തന്നാല്‍ എനിക്ക് മറ്റൊരു തത്വവും ഇല്ല എന്ന് പറയുന്നത് ക്രിസ്തീയവിശ്വാസം അല്ല.

‘നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.’ മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം, വാക്യം ഇരുപത്. യേശു ക്രിസ്തു ഗലീലിയിലെ ഗിരിപ്രഭാഷണത്തില്‍ പറഞ്ഞതാണ് ഈ വാക്യം. കുടിയേറ്റക്കാരായാലും അല്ലെങ്കിലും കേരളത്തിലെ ക്രിസ്തുമതവിശ്വാസികള്‍ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കില്ല.

ആര്‍എസ്എസ് സര്‍ക്കാര്‍ റബറിന്റെ വില കൂട്ടാന്‍ പോകുന്നില്ല എന്നത് എല്ലാവര്‍ക്കും അറിയാം. അവര്‍ കര്‍ഷകരെ കൂടുതല്‍ ഞെരുക്കണം എന്ന രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരാണ്. ഫാദര്‍ സ്റ്റാന്‍ സ്വാമിയേയോ ആക്രമിക്കപ്പെട്ട മറ്റു ക്രിസ്തീയ വിശ്വാസികളെയോ കുറിച്ചു മാത്രമല്ല ക്രിസ്ത്യാനികള്‍ ആലോചിക്കേണ്ടത്, നീതിയെക്കുറിച്ചാണ്.

ആഗോള കത്തോലിക്കാ സഭയുടെ അധിപന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും വിശ്വാസികളോട് ആവശ്യപ്പെടുന്നത് നീതിയുടെ പക്ഷത്ത് നില്‍ക്കാന്‍ ആണ്. അല്ലാതെ മുന്നൂറ് രൂപയോ അധികാരത്തിന്റെ ശീതളശ്ചായയോ തരുന്നവരുടെ കൂടെ നില്‍ക്കാന്‍ അല്ല.