തിരഞ്ഞെടുപ്പ് കേരള സര്‍ക്കാര്‍ തുടരണമോയെന്ന് തീരുമാനിക്കുന്ന വിധിയെഴുത്ത്; മോദി വീണ്ടും വന്നാല്‍ സംസ്ഥാന സര്‍ക്കാരിന് തുടരാന്‍ കഴിയില്ലെന്ന് എസ്.ആര്‍.പി

ലോക്‌സഭാ തിരഞ്ഞെടുപ്പ് കേരളത്തിലെ ഇടതു സര്‍ക്കാര്‍ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനുള്ള വിധിയെഴുത്താവുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എസ്. രാമചന്ദ്രന്‍പിള്ള. മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വരുന്നതെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ സുഗമമായി തുടരാന്‍ അനുവദിക്കില്ല.

യുഡിഎഫ് സംവിധാനം മുഴുവന്‍ എല്‍ഡിഎഫിന് എതിരാണ്. അതുകൊണ്ട് കേരളത്തില്‍ ഇടതുപക്ഷം വിജയിച്ചാല്‍ മാത്രമേ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സുഗമമായ തുടര്‍ച്ച സാധ്യമാകൂവെന്ന് അദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബിജെപി ഉപയോഗിക്കുകയാണ്. അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ പ്രചാരകരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. മതേതരമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ബിജെപിയുടെ തോല്‍വി ആവശ്യമാണെന്നും എസ്ആര്‍പി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ കേരള വിരുദ്ധ സമീപനം ഇടതുമുന്നണി തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് വിശദീകരിക്കും. ഇതിനാണ് പൊതുയോഗങ്ങളില്‍ മുന്‍ഗണന നല്‍കുന്നത്. സിഎഎ അടക്കമുള്ള വിഷയങ്ങളില്‍ ഊന്നിയാണ് എല്‍ഡിഎഫ് കേരളത്തില്‍ പ്രചരണം നയിക്കുന്നതെന്നും എസ്. രാമചന്ദ്രന്‍പിള്ള വ്യക്തമാക്കി.