കടുത്ത ചൂടില്‍ എല്‍.പി- യു.പി- ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഉച്ചയ്ക്ക്; ബാലാവകാശ ലംഘനമെന്ന് കെ.സുരേന്ദ്രന്‍

കടുത്ത വേനലില്‍ പ്രൈമറി മുതല്‍ ഹൈസ്‌ക്കൂള്‍ വരെയുള്ള കൊച്ചുകുട്ടികള്‍ക്ക് ഉച്ചയ്ക്ക് വാര്‍ഷിക പരീക്ഷ നടത്താനുള്ള വിദ്യാഭ്യാസവകുപ്പിന്റെ സമീപനം ബാലാവകാശ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. 11 മണി മുതല്‍ 3 മണി വരെ സൂര്യാഘാത സാധ്യതയുണ്ടെന്നും ആളുകള്‍ പുറത്തിറങ്ങരുതെന്നും പറയുന്ന സര്‍ക്കാര്‍ കുരുന്നുകളെ കൊടുംചൂടിലേക്ക് ഇറക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്.

സംസ്ഥാനത്ത് ഇത്രയും ഗൗരവതരമായ ബാലാവകാശ ലംഘനം നടന്നിട്ടും അനങ്ങാതിരിക്കുന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേരളത്തിന് അപമാനമാണ്. സ്വന്തം വാഹനത്തില്‍ വരുന്ന കുട്ടികള്‍ മാത്രമല്ല പരീക്ഷ എഴുതാന്‍ വരുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മനസിലാക്കണം. കാല്‍ നടയായും പൊതുവാഹന സൗകര്യം ഉപയോഗിച്ചും വരുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികളെയാണ് ഇത്തരം തുഗ്ലക്ക് പരിഷ്‌ക്കാരങ്ങള്‍ ബാധിക്കുന്നത്.

നട്ടുച്ചയ്ക്ക് പുറത്തിറങ്ങേണ്ടി വരുന്നത് കുട്ടികള്‍ക്ക് ശാരീരികമായും മാനസികമായും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. എര്‍ത്ത് റേഡിയേഷന്‍ നടക്കുന്ന സമയമാണ് കൊച്ചുകുട്ടികള്‍ക്ക് പരീക്ഷയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്. അടിയന്തരമായി പരീക്ഷകള്‍ മാറ്റിവെക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.