ശബരിനാഥന്റെ കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥിത്വം: അത്തരം കാര്യങ്ങള്‍ തിരുവനന്തപുരത്ത് തീരുമാനിക്കുമെന്ന് സണ്ണി ജോസഫ്; വിഷയം താനറിഞ്ഞില്ല

കെ എസ് ശബരിനാഥനെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് മല്‍സരിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന കാര്യത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ശബരീനാഥന്റെ കോര്‍പറേഷന്‍ സ്ഥാനാര്‍ത്ഥിത്വ വിഷയം പ്രാദേശികമായി പരിഗണിക്കുന്നതാണെന്നും അത്തരം കാര്യങ്ങള്‍ തിരുവനന്തപുരത്ത് തീരുമാനിക്കുമെന്നുമാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം. വിഷയം താന്‍ അറിഞ്ഞിട്ടില്ല എന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രമുഖരെ ഇറക്കാന്‍ ഒരുങ്ങുകയാണ് മുന്നണികള്‍ എന്ന വാര്‍ത്തക്ക് പിന്നാലെയാണ് ശബരിനാഥന്‍ കോര്‍പ്പറേഷനില്‍ ഇറങ്ങുമെന്ന വാര്‍ത്തയും പ്രചരിച്ചത്. കോണ്‍ഗ്രസിനുള്ളിലെ ചര്‍ച്ചയില്‍ കെപിസിസി പ്രസിഡന്റ് ഇടപെട്ടിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് വിഷയം താന്‍ അറിഞ്ഞിട്ടില്ലെന്ന സണ്ണി ജോസഫിന്റെ നിലപാട്.

അതിദരിദ്രരില്ലാത്ത കേരളം എന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് കുതന്ത്രമാണെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. നിലവില്‍ ഉള്ള ആനുകൂല്യങ്ങള്‍ കൂടി ഇത് ഇല്ലാതാക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. എല്‍ഡിഎഫിന്റെ വാഗ്ദാനങ്ങളുടെ ശവപ്പറമ്പാക്കി ഇടുക്കിയെ മാറ്റിയെന്നും ബഹുജന സംഘടനകള്‍ക്കൊപ്പം പ്രതിഷേധത്തില്‍ അണിചേരുമെന്നും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

Read more

കെ എസ് ശബരീനാഥനെ കവടിയാര്‍ വാര്‍ഡിലായിരിക്കും കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുക എന്നാണ് പുറത്തുവരുന്ന വിവരം. ഇന്നലെ ഡിസിസി ഓഫീസില്‍ ചേര്‍ന്ന് കോര്‍ കമ്മിറ്റി യോഗത്തിലാണ് ശബരീനാഥനെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനമെടുത്തത്. ശബരീനാഥന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാര്‍ഡില്‍ വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാര്‍ഡായ കവടിയാറില്‍ നിന്നും മത്സരിക്കുന്നത്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന എഐസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ശബരിനാഥനെ മത്സരിപ്പിക്കാന്‍ ധാരണയായത്.