സംസ്ഥാനത്ത് ഇന്നും മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം

സംസ്ഥാനത്ത് ഇന്നും മഴ തുടരും. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മലയോര- തീരദേശ മേഖലകളിൽ ജാഗ്രത തുടരണമെന്നും മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല. മധ്യകിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദ്ദം കരതൊട്ടതിന് പിന്നാലെ ആയിരുന്നു സംസ്ഥാനത്ത് മഴ ശക്തമായത്.

തലസ്ഥാനമടക്കുമുള്ള തെക്കൻ കേരളത്തിലായിരുന്നു ഇന്നലെ മഴ പെയ്തത്. രാവിലെ മുതൽ ആരംഭിച്ച മഴ തലസ്ഥാന ജില്ലയിലെ മലയോര, നഗരമേഖലകളിൽ ശക്തമായി തുടരുകയാണ്. രാത്രി പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചു.