തമിഴകത്തെ പിടിച്ചുയർത്താൻ ഇനിയുള്ളത് 'കൂലി', മറികടക്കേണ്ടത് എമ്പുരാനെ!

ഈ വർഷം കോളിവുഡിന് അത്ര നല്ല തുടക്കമായിരുന്നില്ല കിട്ടിയത്. സൂപ്പർസ്റ്റാറുകളുടേതടക്കം നിരവധി സിനിമകൾ കഴിഞ്ഞ ആറു മാസത്തിനിടെ പുറത്തിറങ്ങിയെങ്കിലും ശ്രദ്ധ നേടിയതിൽ മിക്കതും യുവതാരങ്ങളുടേതും മറ്റ് ചിത്രങ്ങളും ഒക്കെയായിരുന്നു. കമൽ ഹാസൻ, അജിത്, സൂര്യ എന്നിവരുടെ ബിഗ് ബജറ്റ് സിനിമകൾ എത്തിയെങ്കിലും ബോക്‌സ് ഓഫീസിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ സാധിച്ചില്ല. ‘

വലിയ പ്രതീക്ഷയോടെ എത്തിയ തഗ് ലൈഫും റെട്രോയും വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്ത് നായകനായി എത്തുന്ന ലോകേഷ് കനകരാജ് ചിത്രം ‘കൂലി’.

മലയാളം, തെലുഗു, ബോളിവുഡ് എന്നിവയിൽ നിന്നും നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. കൂലിയിലൂടെ തമിഴ് സിനിമയുടെ ഗതി മാറും എന്നാണ് ആരാധകരുടെ പ്രതീക്ഷ. മാർച്ചിൽ റിലീസ് ചെയ്ത മലയാള ചിത്രം എമ്പുരാനെ മറികടക്കാൻ ഈ വർഷം ഇതുവരെ ഇറങ്ങിയ മറ്റ് സൗത്ത് ഇന്ത്യൻ സിനിമകൾക്കൊന്നും സാധിച്ചില്ല. അതുകൊണ്ട് തന്നെ കൂലിയ്ക്ക് എമ്പുരാനെ മറികടക്കാൻ സാധിക്കുമോ എന്നത് കണ്ടറിയണം.

വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകൾക്കും വേണ്ടി ആവേശത്തോടെയാണ് ഏവരും കാത്തിരിക്കാറുള്ളത്. മാനഗരം, കൈതി, മാസ്റ്റർ, വിക്രം, ലിയോ എന്നീ സിനിമകൾക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. ഓഗസ്റ്റ് 14ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം.

Read more