സഞ്ജു അന്ന് എന്നോട് പറഞ്ഞ ആ ഒരു കാര്യത്തിൽ നിന്ന് എനിക്ക് മനസിലായി എന്തുകൊണ്ടാണ് അവൻ എല്ലാവർക്കും പ്രിയപെട്ടവനായതെന്ന്: സൂര്യകുമാർ യാദവ്

ഇപ്പോൾ നടന്ന ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ ചരിത്രവിജയത്തിന് പിന്നിൽ മലയാളി താരം സ‍ഞ്ജു സാംസൺ വഹിച്ച പങ്കിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാതിരുന്നിട്ടും ടീമിനോട് സഞ്ജു കാണിച്ച ആത്മാര്‍ത്ഥതയും മനോഭാവവുമാണ് ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമായതെന്ന് സൂര്യ വെളിപ്പെടുത്തി.

‘ഈ ലോകകപ്പിൽ ഒരു ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം എല്ലാ മത്സരങ്ങളിലും കളിക്കാൻ അവസരം ലഭിക്കാത്ത കളിക്കാരെ കൈകാര്യം ചെയ്യുക എന്നതാണെന്ന് സൂര്യകുമാർ യാദവ് ലോകകപ്പ് നേടിയ ശേഷം നടന്ന ഒരു ഷോയിൽ വെളിപ്പെടുത്തി. സ്ഥിരമായി കളിക്കുന്ന കളിക്കാർക്ക് മൈതാനത്ത് എന്തുചെയ്യണമെന്ന് അറിയാമെന്ന് അദ്ദേഹം പറഞ്ഞു.

എപ്പോൾ വേണമെങ്കിലും കളിക്കാൻ സജ്ജരായ എന്നാൽ എല്ലാ മത്സരങ്ങളിലും അവസരം ലഭിക്കാത്ത കളിക്കാർക്ക് മാനസികമായി തയ്യാറായിരിക്കാൻ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ അത്തരം കളിക്കാരുമായി കൂടുതൽ സമയം ചെലവഴിക്കുകയും പതിവായി ആശയവിനിമയം നടത്തുകയും ചെയ്യേണ്ടത് നിർണായകമായിരുന്നു’, സൂര്യകുമാർ പറഞ്ഞു.

‘ടൂർണമെന്റിന്റെ തുടക്കത്തിൽ സഞ്ജു പ്ലെയിംഗ് ഇലവനിൽ ഉണ്ടായിരുന്നില്ല, പക്ഷേ അദ്ദേഹം ടൂർണമെന്റിനിടെ എന്നോട് ഒരു കാര്യം മാത്രമേ പറഞ്ഞുള്ളൂ, ‘ടീമിനായി എനിക്ക് എന്തുചെയ്യാൻ കഴിയുമെന്ന് മാത്രം നിങ്ങൾ എന്നോട് പറഞ്ഞാൽ മതി’ എന്ന്. ഒരു ക്യാപ്റ്റനെ സംബന്ധിച്ച് ഒരു കളിക്കാരനിൽ നിന്നുള്ള അത്തരമൊരു മനോഭാവമാണ് ഏറ്റവും വലിയ അനുഗ്രഹം. അത് സഞ്ജുവിന്റെ ഗുണമാണ്’. ഒന്നാം നമ്പർ മുതൽ 15-ാം നമ്പർ വരെയുള്ള ടീമിലെ ഓരോ കളിക്കാരനും അവരുടേതായ സവിശേഷമായ കഥയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.