തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങിയെന്ന യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറക്കലിന്റെ ആരോപണം തള്ളി ആരോഗ്യവകുപ്പ്. ഡോ.ഹാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരോഗ്യവകുപ്പിനെ അപമാനിക്കാനാണെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥൻ പറഞ്ഞു. ശസ്ത്രക്രിയ മാറ്റാൻ കാരണം സാങ്കേതിക പ്രശ്നമാണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഡോ.ഹാരിസ് ചിറക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിട്ടുള്ളത് തെറ്റായ കാര്യങ്ങളാണെന്ന് ഡോ. വിശ്വനാഥൻ പറഞ്ഞു. ഇന്നലെ നാല് ശസ്ത്രക്രിയ യൂറോളജി വിഭാഗത്തിൽ നടന്നുവെന്നും ഒരെണ്ണം യന്ത്രത്തകരാർ മൂലമാണ് മാറ്റിയതെന്നും ഡോ. വിശ്വനാഥൻ പറഞ്ഞു. അതേസമയം ഡോ ഹാരിസിൻ്റെ ഫെയ്സ്ബുക് പോസ്റ്റുകൾ പരിശോധിക്കുമെന്നും ഡോ. വിശ്വനാഥൻ വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധിയിൽ പ്രതികരിച്ചായിരുന്നു കുറിപ്പുമായി യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കൽ രംഗത്തെത്തിയത്. ഉപകരണങ്ങൾ ലഭ്യമാകാത്തതോടെ ശസ്ത്രക്രിയകൾ മാറ്റിയെന്നും താൻ രാജിവയ്ക്കാൻ ഒരുങ്ങുകയാണെന്നും ഡോക്ടർ ഹാരിസ് ചിറക്കൽ ഫേസ്‍ബുക്കിൽ കുറിച്ചു.
ഉപകരണങ്ങൾ എത്തിക്കാൻ ഒരു രൂപയുടെ പോലും പർച്ചേസിംഗ് പവർ ഇല്ലാത്ത വകുപ്പ് മേധാവി ഓഫീസുകൾ കയറിയിറങ്ങി ചെരിപ്പ് തേഞ്ഞു രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചു മടുത്തുവെന്നും ഡോക്ടർ ഹാരിസ് ചിറക്കൽ ഫേസ്‍ബുക്കിൽ കുറിച്ചു. മാസങ്ങൾക്ക് മുമ്പ് നൽകിയ അപേക്ഷയിൽ നടപടി എടുത്തില്ലെന്നും ബ്യൂറോക്രസിയോട് ഏറ്റുമുട്ടാൻ താനില്ലെന്നും ഡോക്ടർ ഹാരിസ് പ്രതികരിച്ചിരുന്നു.