കോട്ടയത്ത് ഉരുള്‍പൊട്ടലിൽ വ്യാപകനാശനഷ്ടം; ജാഗ്രതാ നിർദേശവുമായി ജില്ലാ കളക്ടർ, വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

അതിശക്തമായ മഴയെ തുടർന്ന് കോട്ടയത്ത് ഉരുള്‍പൊട്ടലില്‍ വ്യാപകനാശനഷ്ടം. ഭരണങ്ങാനം വില്ലേജ് ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്തെ ഏഴ് വീടുകള്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. വ്യാപകമായി കൃഷിനാശമുണ്ടായി. ആളയപായമില്ല.

തലനാട് പഞ്ചായത്തിലെ ഇല്ലിക്കകല്ലിന് സമീപം ചോനമാലയിലും ഉരുള്‍ പൊട്ടലുണ്ടായി. ഉരുളില്‍ നരിമറ്റം ചോവൂര്‍ ഇലവുമ്പാറ പൊതുമരാമത് റോഡ് തകര്‍ന്നു. പിണക്കാട്ട് കുട്ടിച്ചന്റെ വീടിന്റെ സമീപത്തുള്ള ആട്ടിന്‍ കൂടും ഒലിച്ചുകൂട്ടില്‍ ചത്ത നിലയിലും കണ്ടെത്തി. കല്ലേപുരയ്ക്കല്‍ ജോമോന്‍, ജോര്‍ജ് പീറ്റര്‍, മൂത്തനാനിക്കല്‍ മനോജ് എന്നിവരുടെ പുരയിടത്തില്‍ വ്യാപക കൃഷി നാശമുണ്ടായി.

അതിതീവ്ര മഴയെ തുടർന്ന് മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നതിനാൽ മീനച്ചിലാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്‌ടർ വി വിഗ്നേശ്വരി അറിയിച്ചു. വരും ദിവസങ്ങളില്‍ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകള്‍ ലഭിച്ചതിനാല്‍ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും നിരോധിച്ച് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി ഉത്തരവ് പുറത്തിറക്കി.

Read more