തൊടുപുഴയില്‍ ഉരുള്‍പൊട്ടല്‍; ഒരു വീട് ഒലിച്ചുപോയി, രണ്ട് മരണം, മൂന്ന് പേര്‍ മണ്ണിനടിയില്‍

തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍ പൊട്ടല്‍. കുടയത്തൂര്‍ സംഗമം കവലക്ക് സമീപം ആണ് സംഭവം. അപകടത്തില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീട് ഒലിച്ചുപോയി. സോമന്‍, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകള്‍ നിമ, നിമയുടെ മകന്‍ ആദിദേവ് ഇവര്‍ മണ്ണിനടിയില്‍ പെട്ടു. ഇതില്‍ തങ്കമ്മയുടെയും  ആദിദേവിന്‍റെയും മൃതദേഹമാണ്  കണ്ടെടുത്തത്.

മണ്ണിനടയില്‍പ്പെട്ട ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.

കാണാതായവര്‍ക്കായി പ്രത്യേക സംഘം തിരച്ചില്‍ നടത്തുമെന്ന് ഇടുക്കി എസ്പി വി.യു. കുര്യാക്കോസ് അറിയിച്ചു. മനുഷ്യരെ കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിക്കും. ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിക്കുമെന്നും വി.യു. കുര്യാക്കോസ് പറഞ്ഞു.

Read more

പുലര്‍ച്ചെ നാല് മണിയോടെ ആണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. റവന്യു വകുപ്പും സ്ഥലത്തുണ്ട്. ഇന്നലെ രാത്രി 10.30 ഓടെ കനത്ത മഴയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മഴ ശമിച്ചിട്ടുണ്ട്.