കുടയത്തൂരിലെ ഉരുള്‍പൊട്ടല്‍ പ്രവചനാതീതമായ അപകടം: കെ.രാജന്‍ നിയമസഭയില്‍

തൊടുപുഴ കുടയത്തൂരിലെ ഉരുള്‍പൊട്ടല്‍ പ്രവചനാതീതമായ അപകടം ആയിരുന്നെന്ന് റവന്യുമന്ത്രി കെ.രാജന്‍ നിയമസഭയില്‍ പറഞ്ഞു. ഉരുള്‍പൊട്ടലിന് ഒരു സാധ്യതയും ഇല്ലാത്ത സ്ഥലമായിരുന്നു അവിടമെന്ന് അദ്ദേഹം പറഞ്ഞു. ഡിസാസ്റ്റര്‍ മാന്ജ്‌മെന്റ് പ്ലാനോ കാലാവസ്ഥാ മുന്നറിയിപ്പുകളോ സംസ്ഥാനത്ത് ഫലപ്രദമല്ലെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടി നല്‍കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഇടുക്കിയിലും വയനാട്ടിലും ഹൈആള്‍ട്ടിറ്റ്യൂഡ് റെസ്‌ക്യു ഹബ് തുടങ്ങും. കാലാവസ്ഥാ പ്രവചനത്തിന് കൂടുതല്‍ ഡോപ്ലാര്‍ റഡാറുകള്‍ കേന്ദ്രസര്‍ക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

ഇടുക്കി തൊടുപുഴയ്ക്കു സമീപം കുടയത്തൂരില്‍ ഉരുള്‍പൊട്ടിയ പ്രദേശത്ത് ഞായറാഴ്ച രാത്രി പെയ്തത് അതിതീവ്ര മഴയാണ്. പ്രദേശത്ത് രാത്രി 11.30 മുതല്‍ മൂന്നുമണിവരെ അതിതീവ്ര മഴ പെയ്തു. അറക്കുളത്ത് 131 എംഎം മഴ രേഖപ്പെടുത്തിയിരുന്നു.

റവന്യൂമന്ത്രി കെ. രാജന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.  പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും സമീപ വീട്ടുകാരെ സുരക്ഷിതമായി കുടയത്തൂര്‍ സ്‌കൂളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു.

ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരും മരിച്ചു. ചിറ്റടിച്ചാല്‍ സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ ഷിമ, കൊച്ചുമകന്‍ ദേവാനന്ദ് എന്നിവരാണ് മരിച്ചത്. അഞ്ച് മണിക്കൂര്‍ നീണ്ട തിരിച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്.

പുലര്‍ച്ചെ നാല് മണിയോടെ ആണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അപകടത്തില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീട് ഒലിച്ചുപോയിരുന്നു.