അരികൊമ്പനെ കുടുക്കാന്‍ സൂര്യനെത്തി; കെണിയുമായി വനം വകുപ്പ്

ഇടുക്കി ചിന്നക്കനാലില്‍ ഭീതിവിതച്ച അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യസംഘത്തിലെ രണ്ടാമത്തെ കുങ്കിയാനയും എത്തി. ഇന്നലെ വൈകിട്ട് വയനാട്ടില്‍ നിന്ന് പുറപ്പെട്ട സൂര്യന്‍ എന്ന് പേരുള്ള ആനയാണ് ചിന്നക്കനാലില്‍ എത്തിയത്.

കോന്നി സുരേന്ദ്രന്‍, കുഞ്ചു എന്നീ കുങ്കിയാനകളും ദൗത്യ സംഘാംഗങ്ങളും നാളെയെത്തും. ഇതോടെ അരികൊമ്പന്‍ ദൗത്യത്തിനുള്ള സന്നാഹങ്ങള്‍ പൂര്‍ണമാകും. 24ന് മോക് ഡ്രില്‍ നടത്തി 25ന് ആനയെ മയക്ക് വെടിവെക്കും.

ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ ഇന്ന് ഉച്ചയ്ക്കുശേഷം യോഗം ചേരും. ചിന്നക്കനാലിലെയും ശാന്തന്‍പാറയിലെയും പേടിസ്വപ്നമായ അരികൊമ്പന്‍.

ചിന്നക്കനാലിന് സമീപത്തെ പെരിയകനാല്‍ എസ്റ്റേറ്റിലാണ് ഇന്നലെ വൈകുന്നേരം വരെ ആന കറങ്ങി നടന്നത്. രണ്ട് വീടുകളാണ് തകര്‍ത്തത്. അരികൊമ്പന്‍ എസ്റ്റേറ്റില്‍ നിന്ന് ഇറങ്ങി വന്നാല്‍ മാത്രമേ ഒരുക്കിവെച്ച കെണിയില്‍ കുടുക്കാനാകൂ. അതിനായി ആനയെ 301 കോളനിയിലേക്ക് തന്നെ തുരത്തി ഓടിക്കാനുള്ള തയാറെടുപ്പിലാണ് ആര്‍ആര്‍ടി.