ഒരു വിദ്വേഷ പരാമർശവും ഇതുവരെ നടത്തിയിട്ടില്ല; തന്നെ വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്ന് കുമ്മനം

തന്നെ വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായി നേമം എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. ഒരു വിദ്വേഷ പരാമർശവും ഇതുവരെ നടത്തിയിട്ടില്ലാത്ത തന്നെ വർഗീയവാദിയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുമ്മനം ആരോപിച്ചു. രാഹുൽ ഗാന്ധിക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.

നേമത്ത് മാക്സിസ്റ്റ്- ബിജെപി രഹസ്യബന്ധമെന്ന യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ ആരോപണം തള്ളിയ കുമ്മനം, നേമത്തേത് കോ-മാ സഖ്യം തന്നെയാണെന്നും ആവർത്തിച്ചു. വട്ടിയൂർക്കാവിൽ തനിക്ക് സിപിഎം വോട്ട് കിട്ടിയെന്നത് നേരത്തെ മുരളീധരൻ തന്നെ സമ്മതിച്ചതാണ്. ആ മുരളീധരനെ എങ്ങനെ ജനം വിശ്വസിക്കുമെന്നും കുമ്മനം ചോദിച്ചു.

രാഹുൽ ഗാന്ധിക്ക് കേരളത്തിലെ ഗ്രൗണ്ട് റിയാലിറ്റി അറിയില്ല. ഗുജറാത്തിലും യുപിയിലും മുസ്ലിം വിഭാഗം വോട്ട് ചെയ്തത് ബിജെപിക്കാണ്. രാഹുൽ വന്നു വോട്ടു ചോദിച്ചാലൊന്നും വോട്ടാവില്ലെന്നും കുമ്മനം പരിഹസിച്ചു.