കെ.എസ്.ആര്‍.ടി.സി; എല്ലാ മാസവും അഞ്ചാം തിയതിക്കുള്ളില്‍ ശമ്പളം നല്‍കണം, ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായിരിക്കണം പ്രഥമ പരിഗണന നല്‍കേണ്ടതെന്നും എല്ലാ മാസവും അഞ്ചാം തിയതിക്കുള്ളില്‍ ശമ്പളം നല്‍കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

ശമ്പളം നല്‍കുന്നത് സംബന്ധിച്ച് ഭരണം നടത്തുന്നവര്‍ നടപടി സ്വീകരിച്ചേ പറ്റൂ. 3500 കോടി രൂപയുടെ ബാധ്യതയില്‍ തീരുമാനമെടുക്കാതെ കെഎസ്ആര്‍ടിസിക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ലഭിക്കുന്ന വരുമാനമെല്ലാം ബാങ്ക് കണ്‍സോഷ്യത്തിലേക്ക് പോകുകയാണ്. കെഎസ്ആര്‍ടിസിയില്‍ ഉന്നത തലത്തിലുള്ള ഓഡിറ്റ് വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഒരു ദിവസം 8 കോടി രൂപയെങ്കിലും വരുമാനം ലഭിച്ചാല്‍ കാര്യങ്ങള്‍ പ്രശ്‌നമില്ലാതെ പോകുമെന്നും ശമ്പളം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നുണ്ടെന്നും കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു.അതേസമയം ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന് ഐഎന്‍ടിയുസിയുടെ കീഴില്‍ വരുന്ന ടിഡിഎഫ് ഇന്ന് ട്രാന്‍സ്പോര്‍ട്ട് ഭവന്‍ മാര്‍ച്ച് നടത്തി.

കഴിഞ്ഞ ദിവസം സിഐടിയു തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസിയുടെ ചീഫ് ഓഫീസിലേക്ക് ഉപരോധ മാര്‍ച്ചും നടത്തിയിരുന്നു. സിഐടിയു ഒഴികെയുള്ള മറ്റ് തൊഴിലാളി സംഘടനകള്‍ ഈ ആഴ്ച യോഗം ചേര്‍ന്ന് പണിമുടക്ക് തിയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇരുപത്തിയേഴാം തിയതി ഗാതാഗത മന്ത്രി ആന്റണി രാജു യൂണിയന്‍ നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്. ചര്‍ച്ചയില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് സിഐടിയുവും അറിയിച്ചിട്ടുണ്ട്.