ഇന്ന് വായ് മൂടിക്കെട്ടി പ്രതിഷേധം; രാഹുലിന് എതിരായ കോടതി വിധിയില്‍ സമരത്തിന് ആഹ്വാനം നല്‍കി കെ.പി.സി.സി

രാഹുല്‍ ഗാന്ധിക്കെതിരെ ഗുജറാത്തിലെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധത്തിന് ആഹ്വാനം നല്‍കി കെപിസിസി. കെപിസിസിയുടെ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് മണ്ഡലം തലത്തില്‍ ഇന്ന് വൈകുന്നേരം വായ്മൂടിക്കെട്ടി പ്രതിഷേധിക്കുമെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. നരേന്ദ്ര മോദി ഭരണത്തില്‍ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ചവിട്ടിമെതിക്കപ്പെടുകയാണെന്നും ഇതിനെതിരെ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്നും കെപിസിസി ആഹ്വാനം ചെയ്തു.

രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കോടതി വിധി അപ്രതീക്ഷിതമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. കോടതിവിധിയെ നിയമപരമായി നേരിടും. രാജ്യത്ത് സംഭവിക്കുന്നത് ജനമറിയട്ടെ. ഏകാധിപതിക്കെതിരെയാണ് രാഹുല്‍ ശബ്ദമുയര്‍ത്തുന്നത്. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read more

അതേസമയം, മോദി പരാമര്‍ശത്തിലൂടെ അഴിമതി തുറന്നുകാട്ടാനാണ് താന്‍ ശ്രമിച്ചതെന്ന് രാഹുല്‍ ഗാന്ധി കോടതിയില്‍. ആരെയും വേദനിപ്പിക്കണമെന്ന് വേണ്ടിയല്ല പരാമര്‍ശം നടത്തിയത്. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്താനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും അദേഹം പറഞ്ഞു. തുടര്‍ന്ന് അപ്പീലിന് സാവകാശം നല്‍കി ഉത്തരവ് മരവിപ്പിച്ച കോടതി, രാഹുലിന് ജാമ്യം അനുവദിച്ചു.