8.64 കോടി രൂപയുടെ വെട്ടിപ്പ്, പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പിൽ കെപിസിസി മുൻ ജനറൽ സെക്രട്ടറി റിമാൻഡിൽ

വയനാട് പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ ഇഡി കസ്റ്റഡിയിൽ എടുത്ത ബാങ്ക് മുന്‍ പ്രസിഡണ്ടും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെകെ എബ്രഹാം റിമാൻഡിൽ. കോഴിക്കോട് പിഎംഎൽഎ സ്പെഷ്യൽ കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ബാങ്കിലെ എട്ടരക്കോടിയോളം രൂപയുടെ വായ്പ തട്ടിപ്പില്‍ ഒന്നാം പ്രതിയാണ് കെകെ എബ്രഹാം.

യുഡിഎഫ് നിയന്ത്രണത്തിലുള്ള പുല്‍പ്പള്ളി സഹകരണ ബാങ്കില്‍ വായ്പ ഇടപാടില്‍ 8.64 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായാണ് കണ്ടെത്തൽ. കേസിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കെകെ എബ്രഹാമിനെ കസ്റ്റഡിയില്‍ എടുത്തത്. കോഴിക്കോട്ടെ ഇഡി ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്ത ശേഷം ബുധനാഴ്ചയാണ് എബ്രഹാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

രണ്ട് ദിവസം ഇഡി കസ്റ്റഡിയിലായിരുന്നു കെകെ എബ്രഹാം. കസ്റ്റഡി അവസാനിക്കുന്ന ഇന്നലെ കെകെ എബ്രഹാമിനെ കോടതിയില്‍ ഹാജരാക്കി. തുടർന്ന് കോടതി 14 ദിവസത്തേക്ക് കൂടി പ്രതിയായ എബ്രഹാമിനെ റിമാന്‍റ് ചെയ്യുകയായിരുന്നു. കേസിൽ മറ്റൊരു പ്രതിയായ സജീവൻ കൊല്ലപ്പള്ളിയുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

തട്ടിപ്പിന് ഇരയായി പണം നഷ്ടപ്പെട്ട ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെയാണ് പുൽപ്പള്ളി ബാങ്കിനെതിരെ വ്യാപക പ്രഷേധം ഉയര്‍ന്നതും നിയമ നടപടികള്‍ തുടങ്ങിയതും. വായ്പാ തട്ടിപ്പിൽ പൊലീസ് നേരത്തെ കെകെ എബ്രഹാമിനെയും ബാങ്ക് സെക്രട്ടറിയേയും അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് ഇഡി കെകെ എബ്രഹാമിനെ കസ്റ്റഡിയില്‍ എടുക്കുന്നതും ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുന്നതും. തട്ടിപ്പില്‍ പത്ത് പേര്‍ക്കെതിരെ തലശേരി വിജിലന്‍സ് കോടതിയില്‍ കേസുണ്ട്. പൊലീസ് അറസ്റ്റ് ചെയ്തതോടെ കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം കെകെ എബ്രഹാം രാജിവെച്ചിരുന്നു.