ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയുമായി കെപിസിസി;പാർട്ടി പരിപാടികളിൽ നിന്നും വിലക്ക്. പലസ്തീൻ ഐക്യദാ‍ർഢ്യറാലി നടത്തിയ വിഷയത്തിൽ വീണ്ടും നോട്ടീസ്,

കെപിസിസി വിലക്ക് ലംഘിച്ച് പലസ്തീൻ ഐക്യദാ‍ർഢ്യറാലി നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടിയെടുത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം. ഷൗക്കത്തിനെ പാർട്ടി പരിപാടികളിൽ നിന്നും ഒരാഴ്ചത്തേക്ക് വിലക്കി.  ഇതുമായി ബന്ധപ്പെട്ട് ഷൗക്കത്തിന് വീണ്ടും നോട്ടീസ് നൽകി. ആദ്യം നൽകിയം വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി വ്യക്തമാക്കിയാണ് വീണ്ടും നോട്ടീസ് നൽകാൻ തീരുമാനം എടുത്തത്.

ആര്യാടൻ ഷൗക്കത്തിന്റെ പ്രവർത്തി കടുത്ത അച്ചടക്ക ലംഘനമെന്നാണ് കെപിസിസി വിലയിരുത്തൽ. ഇന്ന് ചേർന്ന അച്ചടക്ക സമിതി യോഗത്തിലാണ് തീരുമാനം.അതേസമയം, ഷൗക്കത്ത് നൽകിയ മറുപടിയിൽ അച്ചടക്ക സമിതി ചേർന്നാകും തീരുമാനമെടുക്കുക. കെപിസിസി വിലക്ക് ലംഘിച്ചാണ് ആര്യാടൻ ഫൗണ്ടേഷനായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

പലസ്തീൻ ഐക്യദാർഢ്യ പരിപാടിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്നായിരുന്നു ആര്യാടൻ ഷൗക്കത്തിൻ്റെ വിശദീകരണം. ഫൗണ്ടേഷന്റെ പരിപാടിയിൽ പാർട്ടി വിരുദ്ധത എന്താണ്.എന്തിന് വേണ്ടിയാണ് തെറ്റിദ്ധാരണ പരത്തുന്നതെന്നും ഇത് പലസ്തീന് വേണ്ടി മാത്രം ഉള്ള പരിപാടിയാണെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞിരുന്നു.കെപിസിസിയുടെ കത്ത് കിട്ടി. ഇന്ന് തന്നെ കത്തിന് മറുപടി നൽകും. വ്യക്തതയും വരുത്തുമെന്നും ആര്യാടൻ ഷൗക്കത്ത് പരിപാടിക്കിടെ പ്രതികരിച്ചു.