കോഴിക്കോട്-വയനാട് ജില്ലകളെ തുരക്കാന്‍ കൊങ്കണ്‍ റെയില്‍വേ; ടെന്‍ഡറുകള്‍ ക്ഷണിച്ചു; നാലുവര്‍ഷത്തിനുള്ളില്‍ ഗതാഗതത്തിന് തുറന്ന് നല്‍കും; കേരളത്തിന്റെ മുഖം മാറും

കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാതയ്ക്ക് അതിവേഗ നീക്കങ്ങള്‍. ആനക്കാംപൊയില്‍- കള്ളാടി -മേപ്പാടി തുരങ്കപാത നിര്‍മാണത്തിന് കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. രണ്ടു ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാത നിര്‍മാണത്തിന്ന് 1643.33 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നത്. പാതയ്ക്ക് കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്റെ നേതൃത്വത്തില്‍ നിര്‍മാണ പ്രവര്‍ത്തന നടപടികള്‍ വേഗത്തിലാക്കിയത്.

93.12 കോടി ചെലവ് കണക്കാക്കുന്ന ഇരുവഴിഞ്ഞി പുഴയ്ക്ക് കുറുകെ മേജര്‍ ആര്‍ച്ച് പാലം-നാലുവരി സമീപന റോഡ് നിര്‍മാണം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായിട്ടാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.

പാലത്തിന്റെയും സമീപന റോഡിന്റെയും ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 19ഉം ഇരട്ട തുരങ്കപാതയുടേത് ഫെബ്രുവരി 23 ഉം ആണ്. അടുത്ത മാര്‍ച്ചോടെ നിര്‍മാണ കമ്പനിയെ കണ്ടെത്തി പദ്ധതി ആരംഭിക്കാനാണ് കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ശ്രമിക്കുന്നത്.

നാലുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തികരിക്കാനാണ് ശ്രമം നടക്കുന്നത്. തുരങ്കപാതയുടെ നിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാര തുക ഉടന്‍ വിതരണംചെയ്യും. തുരങ്കപാത നിര്‍മാണത്തിനായി 34.31 ഹെക്ടര്‍ വനഭൂമിയാണ് ഉപയോഗിക്കുന്നത്. ഏറ്റെടുക്കുന്ന ഈ ഭൂമിക്ക് പകരമായി വയനാട് ജില്ലയില്‍ മറ്റൊരു വനം വനംവകുപ്പ് സൃഷ്ടിക്കും.