ചിന്തയിലെ സി,പി.ഐ വിമര്‍ശനം എഡിറ്റോറിയലല്ല 'വായനക്കാരുടെ പ്രതികരണം; കോടിയേരി

സിപിഐക്കെതിരായ ചിന്തയിലെ വിമര്‍ശനം എഡിറ്റോറിയല്‍ ലേഖനമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വായനക്കാരുടെ പ്രതികരണമാണത്. നിലപാട് പറയാനുണ്ടെങ്കില്‍ സിപിഎം തന്നെ പറയും. ആരുടേയും ശീട്ട് വേണ്ടെന്നും കോടിയേരി പറഞ്ഞു. നവയുഗത്തില്‍ മറുപടി പറയുന്നത് സിപിഐയുടെ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലേഖനത്തിന് നവയുഗത്തിലൂടെ മറുപടി പറയുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള അവകാശം ഉണ്ട്. മുന്നണിയില്‍ പാര്‍ട്ടികള്‍ തമ്മില്‍ പ്രത്യയ ശാസ്ത്രപരമായ തര്‍ക്കങ്ങള്‍ ആവാം. എന്നാല്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ തന്നെയാണ് ആ വിമര്‍ശനം ശരിയാണോ എന്ന് ചിന്തിക്കേണ്ടത് എന്നായിരുന്നു കാനത്തിന്റെ വാക്കുകള്‍.

സിപിഐ കമ്മ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയാണെന്നായിരുന്നു എന്നാണ് ‘ചിന്ത’യിലെ വിമര്‍ശനം. റിവിഷനിസ്റ്റ് രോഗം ബാധിച്ചവരും വര്‍ഗവഞ്ചകരെന്ന വിശേഷണം അന്വര്‍ഥമാക്കുന്നവരുമാണ് സി.പി.ഐ. എന്നും ‘ചിന്ത’ സിപിഎമ്മിന്റെ രാഷ്ട്രീയപ്രസിദ്ധീകരണമായ ചിന്തയിലെ ലേഖനത്തില്‍ പറയുന്നു

നേരത്തെ പാര്‍ട്ടിസമ്മേളനങ്ങളിലെ പ്രസംഗത്തിനായി സി.പി.ഐ തയ്യാറാക്കിയ കുറിപ്പില്‍ ഇടതുപക്ഷത്തെ തിരുത്തല്‍ശക്തിയായി തുടരുമെന്ന വാചകമുണ്ടായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ‘തിരുത്തല്‍വാദത്തിന്റെ ചരിത്രവേരുകള്‍’ എന്നപേരില്‍ ചിന്തയിലൂടെ സി.പി.എം മറുപടി ലേഖനമെഴുതിയത്.