കെപിസിസി അധ്യക്ഷന്മാരുടെ ചിത്രങ്ങളിൽ ഒരു വിഭാഗത്തിൽപ്പെട്ട ആളുകൾ മാത്രമില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്; എംപി എന്നത് നല്ല പോസ്റ്റാണെന്ന് മുരളീധരന്റെ മറുപടി

കെപിസിസി നേതൃത്വങ്ങളിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അർഹമായ പരിഗണ ലഭിക്കുന്നില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേൽക്കുന്ന ചടങ്ങിലായിരുന്നു പ്രതികരണം. എഐസിസിയിൽ ഉണ്ട് എങ്കിലും കേരളത്തിൽ ഇല്ല എന്നും നവോത്ഥാന പ്രസ്ഥാനങ്ങളുടെ നാട്ടിൽ അർഹമായ പരിഗണന ഈ വിഭാഗങ്ങൾക്ക് ലഭിച്ചില്ല എന്ന പരാതിയുണ്ട് എന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

കേരളത്തിലെ കെപിസിസി അധ്യക്ഷന്മാരുടെ ചിത്രം കെപിസിസി ആസ്ഥാനത്തുണ്ട്. അവിടെ ഒരു വിഭാഗത്തിൽപ്പെട്ട ആളുകളുടെ മാത്രം ചിത്രങ്ങളില്ല. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും അർഹമായ പരിഗണന നൽകണമെന്നും കൊടിക്കുന്നിൽ ഓർമിപ്പിച്ചു. ഇതിന് കെ മുരളീധരൻ മറുപടിയുമായും രംഗത്തെത്തി.

എംപി എന്ന് പറഞ്ഞാൽ നല്ല പോസ്റ്റാണ്. അതിന് കുറെ മെച്ചമുണ്ട്. സുരേഷിന് എപ്പോൾ വേണമെങ്കിലും ഡൽഹിയിലേക്ക് പോകാം. വിമാനത്തിന് ടിക്കറ്റെടുക്കാൻ സർക്കാർ കാശ് നൽകും. എന്നാൽ താൻ പെൻഷൻ കാശിൽ നിന്ന് ഡൽഹിക്ക് പോകണമെന്നുമായിരുന്നു മുരളീധരൻ പറഞ്ഞത്. ഷാഫി വടകരയിലെത്തിയപ്പോൾ ഗ്രാഫ് ഉയർന്നെന്നും എന്നാൽ താൻ തൃശൂരിൽ കാല് കുത്തിയപ്പോൾ തന്റെയും ഒപ്പം പ്രതാപന്റെയും ഗ്രാഫ് താഴ്ന്നുവെന്നും മുരളീധരൻ തമാശ രൂപേണ പറഞ്ഞു.

എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ യുഡിഎഫ് കൺവീനർ എം എം ഹസൻ, വി എം സുധീരൻ, കെ മുരളീധരൻ, രമേശ് ചെന്നിത്തല തുടങ്ങി മുതിർന്ന നേതാക്കളെല്ലാം ചടങ്ങിൽ സന്നിഹിതരായിരുന്നു.