എഫ്‌.ഐ.ആറില്‍ നിന്നും കെ.എം മാണി ജൂനിയറിന്റെ പേര് ഒഴിവാക്കി, രേഖപ്പെടുത്തിയത് '45 വയസുള്ള' ആളെന്നു മാത്രം; വാഹനം അമിതവേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷി

ജോസ് കെ. മാണിയുടെ മകന്‍ കെ.എം മാണി ജൂനിയര്‍ പ്രതിയായ മണിമല വാഹനാപകടത്തില്‍ കേസെടുത്ത പൊലീസ് കള്ളക്കളി നടത്തിയന്ന സംശയം ബലപ്പെടുന്ന വിവരങ്ങള്‍ പുറത്ത്. അപകടമുണ്ടായതിന് ശേഷം ആദ്യം തയാറാക്കിയ എഫ്‌ഐആറില്‍നിന്നും ജോസ് കെ മാണിയുടെ മകന്‍ കെഎം മാണി ജൂനിയറിന്റെ പേര് ഒഴിവാക്കി. ’45 വയസുള്ള’ ആളെന്നുമാത്രമാണ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

അപകടത്തിന് പിന്നാലെ സ്ഥലത്ത് എത്തിയ പൊലീസ് സംഘം ജോസ് കെ. മാണിയുടെ മകനെ കണ്ടിട്ടും ആദ്യ എഫ് ഐ ആറില്‍ പേര് ഒഴിവാക്കിയതില്‍ ദുരൂഹതയുണ്ട്. അപകടം നടന്നയുടനെ ജോസിന്റെ മകന്റെ രക്തസാമ്പിള്‍ പരിശോധനയും നടത്തിയിട്ടില്ല.

വാഹനം അമിത വേഗത്തിലായിരുന്നെന്ന് സംഭവം കണ്ട ദൃക്‌സാക്ഷി ജോമാന്‍ ഏഷ്യാനെറ്റിനോട് പറഞ്ഞു. അപകടം നടന്നതിന് പിന്നാലെ തന്നെ ജോസ് കെ മാണിയുടെ മകനാണ് താനെന്ന് വാഹനമോടിച്ച യുവാവ് പറഞ്ഞിരുന്നുവെന്നും ജോസ് കെ മാണിയുടെ ഒരു ബന്ധു തൊട്ടുപിന്നാലെ സ്ഥലത്ത് എത്തിയിരുന്നുവെന്നും ജോമോന്‍ പറഞ്ഞു.

ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. ജോസ് കെ. മാണിയുടെ മകന്‍ ഓടിച്ച ഇന്നോവ കാര്‍ സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മണിമല സ്വദേശികളായ ജിന്‍സ് ജോണ്‍, ജിന്‍സിന്റെ സഹോദരന്‍ ജിസ് എന്നിവരാണ് മരിച്ചത്. അമ്മയ്ക്ക് മരുന്നു വാങ്ങാന്‍ ഇവര്‍ മെഡിക്കല്‍ ഷോപ്പിലേക്ക് പോയപ്പോഴായിരുന്നു അപകടം. സംഭവത്തില്‍ ജോസ് കെ മാണിയുടെ മകന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു.

ആദ്യം കാര്‍ ഡ്രൈവറുടെ പേരു പോലും രേഖപ്പെടുത്താതെയാണ് പൊലീസ് എഫ്ഐആര്‍ ഇട്ടത്. പിന്നീട് പ്രതിഷേധം ശക്തമായതോടെയാണ് ജോസ് കെ. മാണിയുടെ മകനെ പ്രതി ചേര്‍ത്തത്.

 തുടര്‍ന്ന് വാഹനാപകടത്തില്‍ ജോസ് കെ. മാണിയുടെ മകന്‍ 19 കാരനായ കെ.എം മാണിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അതിനുശേഷം വിദ്യാര്‍ത്ഥിയായ കെ.എം മാണിയെ ജാമ്യത്തില്‍ വിട്ടുവെന്ന് പൊലീസ് പറയുന്നു.