കെ കെ രമയുടെ കൈക്ക് പൊട്ടലുണ്ടെന്നത് കളവ്: എം വി ഗോവിന്ദന്‍, 'എങ്കില്‍ പ്‌ളാസ്റ്ററിട്ട ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ' യെന്ന് രമയും

നിയമസഭയിലെ സംഘര്‍ഷത്തിനിടെ കെ കെ രമയുടെ കൈയ്യിലെ എല്ലു പൊട്ടിയെന്നത് കളവാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കളവ് പറയുന്നത് ശരിയല്ല. രമയുടെ കൈക്ക് പൊട്ടലില്ലന്ന വിവരം പുറത്ത് വന്നിട്ടുണ്ട്. പൊട്ടലും പൊട്ടലില്ലാത്തതും രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ല.

എന്നാല്‍ കയ്യിന് പരിക്കില്ലാതെയാണ് പ്‌ളാസ്റ്ററിട്ടതെങ്കില്‍ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ആരോഗ്യവകുപ്പ് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും വേണമെന്ന് കെ കെ രമ തിരിച്ചടിച്ചു. തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കൈക്ക് ചതവുണ്ടെന്ന് പറഞ്ഞാണ് പ്‌ളാസ്റ്ററിട്ടതെന്നും കെ കെ രമ പറഞ്ഞു.

തന്റെ കയ്യില്‍ പ്‌ളാസ്റ്ററിട്ടതിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സച്ചിന്‍ദേവ് എം എല്‍ എക്കെതിരെ കെ കെ രമ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു.