കേരള സര്‍വകലാശാല കലോത്സവം പുനരാരംഭിക്കും; നാലംഗ സമിതി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

കൂട്ടപ്പരാതികളും സംഘര്‍ഷവും കാരണം നിറുത്തിവച്ച കേരള സര്‍വകലാശാല കലോത്സവം പുനരാരംഭിക്കും. കലോത്സവത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അന്വേഷിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി നിയമിച്ച നാലംഗ സമിതി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ കെജി ഗോപ്ചന്ദ്ര, അഡ്വ ജീ മുരളീധരന്‍, ആര്‍ രജേഷ്, ഡോ ജയന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് വിവാദങ്ങള്‍ അന്വേഷിക്കുന്നത്. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച സര്‍വകലാശാല കലോത്സവം നടത്തുന്നതിനുള്ള കാലാവധി രണ്ട് മാസം കൂടി നീട്ടുന്നതിലും തീരുമാനമെടുക്കും.

കലോത്സവം നിറുത്തിവയ്ക്കാന്‍ സമാപന ദിവസമാണ് വിസി നിര്‍ദ്ദേശം നല്‍കിയത്. കലോത്സവത്തിനെതിരെ കൂട്ടപ്പരാതികള്‍ ലഭിച്ചതോടെയാണ് സര്‍വകലാശാല വിസി ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയത്. ലഭിച്ച മുഴുവന്‍ പരാതികളും പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെന്ന് വിസി ഡോ മോഹന്‍ കുന്നുമ്മല്‍ അറിയിച്ചിരുന്നു.