പ്രളയത്തിനു ശേഷം കേരളം വീണ്ടും കുതിക്കുന്നു; ടൂറിസം മേഖലയിൽ 24 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചാനിരക്ക്

 

സംസ്ഥാനത്തെ ടൂറിസത്തിന് ഗണ്യമായ വർദ്ധന, 24 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ വളർച്ചാനിരക്ക് കേരളത്തിൽ രേഖപ്പെടുത്തി. 2019- ൽ 1.96 കോടി ആഭ്യന്തര, വിദേശസന്ദർശകരെ കേരളം ആകർഷിച്ചു. രണ്ട് പ്രളയങ്ങൾക്ക് ശേഷം വീണ്ടെടുക്കൽ പാതയിലുള്ള സംസ്ഥാനത്തിന് ഈ കണക്കുകൾ പ്രോത്സാഹജനകമാണ് എന്ന് ദി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു.

17.2 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ മൊത്തം വിനോദ സഞ്ചാരികളുടെ വരവ് 1.95 കോടിയിലധികമാണ്. ഇതിൽ 1.83 കോടി ആഭ്യന്തര സന്ദർശകരും വിദേശത്തു നിന്ന് 11.89 ലക്ഷം അതിഥികളും ഉൾപ്പെടുന്നു. ടൂറിസത്തിൽ നിന്നുള്ള മൊത്തം വരുമാനം 45,010.69 കോടി രൂപയാണെന്ന് പത്രക്കുറിപ്പിൽ പറയുന്നു.

2018- ൽ കേരളം സന്ദർശിച്ചവരുടെ എണ്ണം 1.67 കോടിയായിരുന്നു (ആഭ്യന്തര വിനോദ സഞ്ചാരികൾ 1.56 കോടി, വിദേശ വിനോദ സഞ്ചാരികൾ 10.96 ലക്ഷം).

14 ജില്ലകളിൽ എറണാകുളത്താണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ (45,82,366), തിരുവനന്തപുരം (33,48,618), തൃശൂർ (25,99,248), ഇടുക്കി (18,95,422). സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 27.8 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളുടെ വർദ്ധന രേഖപ്പെടുത്തി.