കേരളം ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്, വിജ്ഞാപനം ഇന്ന്; വ്യാഴാഴ്ച വരെ നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പിക്കാം

കേരളം ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണം ഇന്നു മുതല്‍ ആരംഭിക്കും. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നു വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. അടുത്ത വ്യാഴാഴ്ച വരെയാണ് പത്രിക നല്‍കാവുന്നത്.

ഇന്നു രാവിലെ 11 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ ഉടന്‍ നാമനിര്‍ദേശ പത്രിക ഫോമുകള്‍ ലഭിക്കും. വണാധികാരിമാരും അതത് തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹ വരണാധികാരിമാരുമാണ് പത്രിക സ്വീകരിക്കുന്നത്.

ജാമ്യസംഖ്യ അടയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ സൗകര്യമുണ്ട്. ട്രഷറിയില്‍ അടച്ചതിന്റെ രസീത് നാമനിര്‍ദേശ പത്രികയോടൊപ്പം ഹാജരാക്കിയാലും മതി. പട്ടികജാതി സംവരണ വാര്‍ഡുകളിലേക്ക് മല്‍സരിക്കുന്നവര്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തദ്ദേശ സ്ഥാപന പരിധിയിലെ വോട്ടര്‍ക്ക് അവിടത്തെ ഏതു വാര്‍ഡിലും മല്‍സരിക്കാം. നിര്‍ദേശിക്കുന്നവര്‍ അതത് വാര്‍ഡിലെ വോട്ടര്‍മാരായിരിക്കണം.

Read more

നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച നടക്കും. നവംബര്‍ 23 തിങ്കളാഴ്ചയാണ് പിന്‍വലിക്കാനുള്ള അവസാന തീയതി.
മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്. അടുത്തമാസം 8,10, 14 തിയതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫലപ്രഖ്യാപനം ഡിസംബര്‍ 16-നാണ്.