കേരളം വര്‍ഗീയതയ്ക്ക് തകര്‍ക്കാനാകാത്ത സാഹോദര്യത്തിന്റെ കോട്ട, ഇത് യഥാര്‍ത്ഥ കേരള സ്റ്റോറി; റഹീമിന്റെ മോചനത്തിനായി മുന്നിട്ടിറങ്ങിയവരോട് മുഖ്യമന്ത്രി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വര്‍ഷമായി സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്ബുഴ സ്വദേശി എ.പി. അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി മുഴുവന്‍ തുകയും സമാഹരിച്ചതില്‍ പ്രശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതാണ് യഥാര്‍ഥ കേരള സ്റ്റോറിയെന്നും വര്‍ഗീയതയ്ക്ക് തകര്‍ക്കാനാകാത്ത സാഹോദര്യത്തിന്റെ കോട്ടയാണ് കേരളമെന്ന അടിയുറച്ച പ്രഖ്യാപനമാണിതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വെറുപ്പിന്റെ പ്രചാരകര്‍ നാടിനെതിരെ നുണക്കഥകള്‍ ചമയ്ക്കുമ്പോള്‍ മാനവികതയുടേയും മനുഷ്യസ്‌നേഹത്തിന്റേയും ഗാഥകളിലൂടെ പ്രതിരോധം ഉയര്‍ത്തുകയാണ് മലയാളികള്‍. സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി ലോകമാകെയുള്ള മലയാളികള്‍ കൈകോര്‍ത്ത് സമാഹരിച്ചത് 34 കോടി രൂപയാണ്. ഒരു മനുഷ്യജീവന്‍ കാക്കാന്‍, ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ ഒറ്റക്കെട്ടായി അവര്‍ സൃഷ്ടിച്ചത് മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണ്. ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറി. വര്‍ഗീയതയ്ക്ക് തകര്‍ക്കാനാകാത്ത സാഹോദര്യത്തിന്റെ കോട്ടയാണ് കേരളമെന്ന അടിയുറച്ച പ്രഖ്യാപനമാണിത്. ലോകത്തിനു മുന്നില്‍ കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ ഈ ലക്ഷ്യത്തിനായി ഒത്തൊരുമിച്ച എല്ലാ സുമനസ്സുകളേയും ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. പ്രവാസി മലയാളികള്‍ ഈ ഉദ്യമത്തിനു പിന്നില്‍ വഹിച്ച പങ്ക് പ്രശംസനീയമാണ്. ഈ ഐക്യത്തിന് കൂടുതല്‍ കരുത്തേകി ഒരു മനസ്സോടെ നമുക്കു മുന്നോട്ടു പോകാം.