വിവാദ ലേഖനത്തില്‍ ശശി തരൂര്‍ എംപി തിരുത്തുമെന്ന് തന്നെയാണ് കരുതുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല. കേരളത്തില്‍ ചെറുകിട സംരംഭങ്ങള്‍ പൂട്ടിക്കൊണ്ടിരിക്കുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കൃത്രിമ കണക്കുകളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. തരൂര്‍ വിഷയത്തില്‍ ഇനി വിവാദം വേണ്ട. അത് അടഞ്ഞ അദ്ധ്യായമായി കാണാനാണ് കോണ്‍ഗ്രസിനിഷ്ടമെന്നും വേണുഗോപാല്‍ വ്യക്തമാക്കി. ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് തരൂര്‍ ലേഖനം എഴുതിയത്. ശരിയായ ഡാറ്റ കിട്ടിയാല്‍ നിലപാട് മാറ്റുമെന്ന് തരൂര്‍ പറഞ്ഞിട്ടുണ്ടെന്നും കെസി കൂട്ടിച്ചേര്‍ത്തു.
അതേസമയം 16 വര്‍ഷമായി ആവശ്യപ്പെടുന്ന കാര്യമാണ് ലേഖനത്തില്‍ പറഞ്ഞത്. നമ്മുടെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എല്ലാവര്‍ക്കും അറിയാം. കേരളത്തിലെ യുവാക്കള്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകുകയാണ്. സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപം വന്നാല്‍ മാത്രമേ ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയുകയുളളൂ. അതിനായി പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തില്‍ വരണം. തിരഞ്ഞെടുപ്പ് പ്രചാരണവേളയിലും താന്‍ ആവശ്യപ്പെട്ട കാര്യങ്ങളാണ്. അന്താരാഷ്ട്ര തലത്തിലെ ഒരു റിപ്പോര്‍ട്ട് കണ്ടതിനുശേഷമാണ് താന്‍ ലേഖനം എഴുതിയതെന്നാണ് തരൂരിന്റെ നിലപാട്.
Read more
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ശശി തരൂര്‍ എഴുതിയ ലേഖനമാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയത്. പിണറായി സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തനങ്ങളില്‍ കൈവരിച്ച നേട്ടത്തെ അഭിനന്ദിച്ച് കൊണ്ടായിരുന്നു ശശി തരൂരിന്റെ ലേഖനം.