കെ. സി വേണുഗോപാലിന്റെ കൈകടത്തല്‍; സുധാകരന്‍ പട്ടിക നല്‍കാതെ മടങ്ങി

കെപിസിസി പുനഃസംഘടനയില്‍ തര്‍ക്കങ്ങള്‍ തുടരുന്നു. പുനഃസംഘടനാ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പട്ടിക സമര്‍പ്പിക്കാതെ കേരളത്തിലേക്ക് മടങ്ങി. എഐസിസി മുന്നോട്ടുവെച്ച പേരുകളിലെ തര്‍ക്കമാണ് പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ചില പേരുകള്‍ മുന്നോട്ടുവെച്ചതായും സൂചനയുണ്ട്. പുനഃസംഘടനയ്ക്കായി ഉണ്ടാക്കിയ മാനദണ്ഡങ്ങളില്‍ ചിലര്‍ക്ക് വേണ്ടി മാറ്റം വരുത്തിയെന്നും ആരോപണമുണ്ട്.

കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവരായിരുന്നു കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി കെ സി വേണുഗോപാലുമായി ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ തന്നെ അന്തിമ പട്ടിക കൈമാറാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ എഐസിസി ഇടപെടലിനെ തുടര്‍ന്ന് പട്ടിക സമര്‍പ്പണം നീണ്ടു.

Read more

അതേസമയം പുനഃസംഘടനയ്ക്കായി ഉണ്ടാക്കിയ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഗ്രൂപ്പ് നേതാക്കള്‍ അസ്വസ്ഥരാണ്. ഇവര്‍ എഐസിസിയോട് പരാതിപ്പെട്ടിരുന്നു. മുതിര്‍ന്ന നേതാക്കളോടടക്കം ചര്‍ച്ച ചെയ്ത് പട്ടിക തയ്യാറാക്കിയെന്നാണ് പുതിയ നേതൃത്വം അവകാശപ്പെടുന്നത്. നേരത്തെ ഗ്രൂപ്പ് സമവാക്യങ്ങള്‍ തകര്‍ത്ത് ഡിസിസി അദ്ധ്യക്ഷപട്ടിക പുറത്തു വന്നതോടെ മുതിര്‍ന്ന നേതാക്കളടക്കം പരസ്യമായി പുതിയ നേതൃത്വത്തെ വിമര്‍ശിച്ചിരുന്നു.