കണ്ണൂർ വിസിയുടെ ചുമതല പ്രൊഫസർ ഡോ. എസ് ബിജോയ് നന്ദന്

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ ചുമതല ഡോ. എസ് ബിജോയ് നന്ദന്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ (കുസാറ്റ്) മറൈൻ ബയോളജി വിഭാഗം സീനിയർ പ്രൊഫസറാണ്. ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്റേതാണ് തീരുമാനം.

അക്കാദമിക് അഡ്മിനിസ്ട്രേഷൻ, ഗവേഷണം, അധ്യാപനം എന്നിവയിൽ 29 വർഷത്തെ പരിചയമുണ്ട് ഡോ. എസ് ബിജോയ് നന്ദന്. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ബിജോയ് നന്ദന് ചുമതല നൽകാനുള്ള ഗവർണറുടെ തീരുമാനം. ഉത്തരവ് ഉടൻ പുറത്തിറങ്ങും.

ഇന്നലെയാണ് ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീം കോടതി റദ്ദാക്കിയത്. വി സി പുനർനിയമനത്തിൽ സംസ്ഥാന സർക്കാർ അന്യായമായ ഇടപെടൽ നടത്തിയെന്നും ഗവർണർ സമ്മർദത്തിന് വഴങ്ങിയെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

കണ്ണൂർ വിസിയായുള്ള ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം അസാധുവാക്കിക്കൊണ്ടുള്ള 72 പേജുകളുള്ള വിധിയിലാണ് ഗവർണർക്കെതിരെ രൂക്ഷവിമർശനമുള്ളത്. വിധിയിൽ 71-ാം പോയിന്റായാണ് ഗവർണർ റബ്ബർ സ്റ്റാമ്പാകരുതെന്ന് സുപ്രീംകോടതി വിമർശിച്ചിരിക്കുന്നത്.

നിയമനവുമായി ബന്ധപ്പെട്ട് അധികാരങ്ങളില്ലാത്ത ഒരു സ്ഥാനം ചെലുത്തുന്ന സമ്മർദത്തിന് വിധേയപ്പെടാൻ ഗവർണർ ബാധ്യസ്ഥനല്ല. അതുകൊണ്ടുതന്നെ നടപടി ചട്ടവിരുദ്ധമാണെന്ന് കോടതിയ്ക്ക് കരുതേണ്ടിവരും. സുതാര്യതയില്ലാത്ത നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നും സുപ്രിംകോടതി കുറ്റപ്പെടുത്തി.