'കറുത്തവര്‍ മത്സരത്തിന് വരരുത്, പറഞ്ഞതിൽ ഒരു കുറ്റബോധവുമില്ല'; അധിക്ഷേപം ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ

നര്‍ത്തകൻ ആര്‍എല്‍വി രാമകൃഷ്ണനു നേരെ നടത്തിയ അധിക്ഷേപ പരാമർശം ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. പറഞ്ഞതിൽ ഒരു കുറ്റബോധവുമില്ല, ഞാൻ എന്റെ സ്വന്തം അഭിപ്രായമാണ് പറഞ്ഞതെന്നും സത്യഭാമ പറഞ്ഞു. വർണവെറി നടന്നുവെന്നതിന് പോലീസിനും കോടതിയ്ക്കും തെളിവു വേണ്ടേ. വ്യക്തിയുടെ പേര് പറഞ്ഞാലേ കുഴപ്പമുള്ളു.ഞാൻ ഇനിയും പറയുമെന്നും സത്യഭാമ പ്രതികരിച്ചു.

മോഹിനിയാട്ടം പുരുഷൻമാർ അവതരിപ്പിക്കുന്നുണ്ടെങ്കിൽ അവർക്ക് സൗന്ദര്യം വേണം. സൗന്ദര്യമില്ലാത്ത, കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തവര്‍ മത്സരത്തിന് വരരുത്. മത്സരങ്ങളില്‍ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട്. മേക്കപ്പ് ഇട്ടാണ് ഇപ്പോള്‍ പലരും മത്സരങ്ങള്‍ക്ക് വരുന്നതെന്നും സത്യഭാമ പറഞ്ഞു.

ലിം​ഗ വ്യത്യാസവും നിറവ്യത്യാസവും കാണിക്കുന്നത് ഒരു കലാകാരിക്ക് ചേർന്നതാണോയെന്ന ചോ​ദ്യത്തിന് എന്താ ചേരാത്തത് എന്നായിരുന്നു മറുപടി. ഞാൻ സൗന്ദര്യത്തെക്കുറിച്ചേ പറഞ്ഞുള്ളൂ. നിങ്ങളുടെ തൊഴിൽപോലെയല്ലെന്നും ഇതിന് അത്യാവശ്യം സൗന്ദര്യം വേണമെന്നുമായിരുന്നു മാധ്യമപ്രവർത്തകരോട് സത്യഭാമ പറഞ്ഞു. എന്റെ കലയുമായി വരുന്ന പ്രശ്നങ്ങളിൽ ഞാൻ പ്രതികരിക്കുമെന്നും സത്യഭാമ കൂട്ടിച്ചേർത്തു.