കെ- സ്വിഫ്റ്റ് മൂന്നാമതും ഇടിച്ചു; റിയര്‍ വ്യൂ മിററും ഗ്ലാസും പൊട്ടി

കെ സ്വിഫ്റ്റ് മൂന്നാമതും ഇടിച്ചു; റിയര്‍ വ്യൂ മിററും ഗ്ലാസും പൊട്ടികെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു. കെഎസ് 041 ബസാണ് കോട്ടയ്ക്കലിനടുത്ത് വച്ച് ലോറിയെ കയറ്റത്തില്‍ മറികടക്കാന്‍ ശ്രമിക്കവെ അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ ഇടിച്ച് ബസിന്റെ ഇടത് വശത്തെ റിയര്‍ വ്യൂ മിറര്‍ ഒടിയുകയും, മുന്‍ വശത്തെ ഗ്ലാസ് പൊട്ടുകയും ചെയ്തു. അപകടത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. ഇത് മൂന്നാം തവണയാണ് സ്വിഫ്റ്റ് ബസ് തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നത്.

സ്വിഫ്റ്റ് ബസ് ഏപ്രില്‍ 11ന് ഫ്‌ളാഗ് ഓഫ് ചെയ്ത് 24 മണിക്കൂറിനിടെ തന്നെ രണ്ട് അപകടങ്ങള്‍ സംഭവിച്ചിരുന്നു. തിരുവനന്തപുരം തമ്പാനൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത ബസ് രാത്രി 11മണിക്ക് കല്ലമ്പലത്തിന് സമീപം എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ ആളപായമുണ്ടായില്ല. എന്നാല്‍ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകി പോയി. ഇതിന് പകരമായി കെഎസ്ആര്‍ടിസിയുടെ സൈഡ് മിറര്‍ ഘടിപ്പിച്ചാണ് അന്ന് യാത്ര തുടര്‍ന്നത്.

ഏപ്രില്‍ 12ന് രാവിലെ മലപ്പുറത്തെ കോട്ടയ്ക്കലില്‍ വച്ച് അപകടം ഉണ്ടായി. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസ് സ്വകാര്യ ബസുമായി ഉരസിയാണ് അപകടം ഉണ്ടായത്. ബസിന്റെ ഒരു വശത്തെ പെയിന്റ് പോയി. ആര്‍ക്കും പരിക്ക് പറ്റിയില്ല.

അപകടങ്ങള്‍ക്ക് പിന്നാലെ ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ഇന്റേണല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ഡ്രൈവര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.