പല്ലില്ലെങ്കിലും ഉള്ള പല്ല് കൊണ്ട് കടിക്കും, നഖമില്ലെങ്കിലും വിരല്‍ കൊണ്ട് തിന്നും; സിപിഎമ്മിന് മറുപടിയുമായി കെ സുധാകരന്‍

സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന്‍. പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഎമ്മിന്റെ പരിഹാസത്തിനെതിരെയാണ് കെ സുധാകരന്‍ മറുപടിയുമായി രംഗത്തെത്തിയത്. പല്ലില്ലെങ്കിലും ഉള്ള പല്ല് കൊണ്ട് കടിക്കും, നഖമില്ലെങ്കിലും വിരല്‍ കൊണ്ട് തിന്നും എന്നായിരുന്നു സുധാകരന്‍ സിപിഎമ്മിന് മറുപടിയായി പറഞ്ഞത്.

സിപിഎം പലതവണ തന്നെ കൊല്ലാന്‍ ബോംബ് എറിഞ്ഞിട്ടുണ്ട്. പക്ഷെ താന്‍ ഇപ്പോഴും ജീവനോടെ ഇരിക്കുകയാണ്. തങ്ങളോട് കളിച്ചാല്‍ തിരിച്ചടിക്കും. നിങ്ങളെ കളിപ്പിക്കാനും തങ്ങള്‍ക്കാകും. പൊലീസുകാര്‍ അവരുടെ ജോലി ചെയ്യാതിരിക്കുകയാണെങ്കില്‍, അവരെയും കൈകാര്യം ചെയ്യേണ്ടിവരുമെന്നും കെ സുധാകരന്‍ പറഞ്ഞു.

യുദ്ധം ചെയ്യാന്‍ വന്നാല്‍ കോണ്‍ഗ്രസ് അവസാനത്തെ ആയുധം എടുക്കാന്‍ പോലും മടിക്കില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയതിന് പിന്നാലെയാണ് സിപിഎം പരിഹാസവുമായി രംഗത്തെത്തിയത്. പല്ലുകൊഴിഞ്ഞ സിംഹം എന്നായിരുന്നു കെ സുധാകരനെ പരിഹസിച്ചത്.

ഇതേ തുടര്‍ന്നാണ് സിപിഎമ്മിന് മറുപടിയുമായി സുധാകരനും എത്തിയത്. അതേസമയം കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നയിക്കുന്ന ജാഥയ്ക്കിടെ സംഘര്‍ഷം. കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്ത് ആയിരുന്നു സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ നയിക്കുന്ന ജാഥ മലപ്പട്ടം ടൗണില്‍ എത്തിയപ്പോഴാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്.

തങ്ങള്‍ അനുമതി വാങ്ങി നടത്തിയ പരിപാടിയില്‍ സിപിഎം പ്രവര്‍ത്തകരാണ് അതിക്രമം കാട്ടിയതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പിരിഞ്ഞുപോകാനാണ് എസിപി ആവശ്യപ്പെട്ടത്. സിപിഎമ്മുകാര്‍ അക്രമം കാട്ടുന്നതിന് യൂത്ത് കോണ്‍ഗ്രസുകാര്‍ എന്തിനാണ് പിരിഞ്ഞുപോകുന്നതെന്നും രാഹുല്‍ ചോദിച്ചു.