സംഘപരിവാറിലും കൊള്ളാവുന്നവരുണ്ട്, അവരെ നിയമിച്ചതില്‍ എതിര്‍പ്പില്ല; ഗവര്‍ണറുടെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍; കോണ്‍ഗ്രസ് വെട്ടില്‍

സംഘപരിവാറിനെ പിന്തുണച്ചും ഗവര്‍ണറെ ന്യായീകരിച്ചുമുള്ള കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് വെട്ടില്‍.
സെനറ്റിലും സിന്‍ഡിക്കേറ്റിലും സംഘപരിവാര്‍ അനുകൂലികളെ നിയമിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് കെ സുധാകരന്‍ പറഞ്ഞത്. സംഘപരിവാര്‍ മാത്രമായത് കൊണ്ട് എതിര്‍ക്കില്ല. അവരും ജനാധിപത്യത്തിലെ ഒരു പാര്‍ട്ടിയല്ലേയെന്നും സുധാകരന്‍ ഡല്‍ഹിയില്‍ ചോദിച്ചു.

സംഘപരിവാറിലും കൊള്ളാവുന്നവരുണ്ട്, അവരെ എടുക്കുന്നതില്‍ എന്താണ് തടസ്സം. സംഘപരിവാറിന്റെ ആളുകളെ മാത്രം വെച്ച് പോകുന്നുവെങ്കില്‍ നമുക്ക് വിമര്‍ശിക്കാം. അവരില്‍ കൊള്ളാവുന്നവരുണ്ടെങ്കില്‍ അവരെ വയ്ക്കുന്നതിനെ ഞങ്ങള്‍ എങ്ങനെയാണ് എതിര്‍ക്കുക. കോണ്‍ഗ്രസിനകത്ത് എല്ലാവരെയും വയ്ക്കാന്‍ സാധിക്കില്ല, പക്ഷെ കൊള്ളാവുന്നവരെ വയ്ക്കുമ്പോള്‍ സന്തോഷമാണ്, ഞങ്ങള്‍ അത് സ്വീകരിക്കും. ഗവര്‍ണറുടെ ഉത്തരവാദിത്വത്തെ പിന്തുണയ്‌ക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സര്‍വകലാശാല സെനറ്റിലേക്ക് സംഘപരിവാര്‍ ബന്ധമുള്ളവരെ തെരഞ്ഞെടക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കെ സുധാകരന്റെ ഗവര്‍ണര്‍ അനുകൂല പരാമര്‍ശം. സംഘപരിവാര്‍ അനുകൂലികളും ജനാധിപത്ത്യത്തിന്റെ ഭാഗമാണെന്നും സംഘപരിവാര്‍ മാത്രമായതുകൊണ്ട് എതിര്‍ക്കില്ല എന്നും കെ സുധാകരന്‍ പറഞ്ഞു.

സെനറ്റിലേയ്ക്കും സിന്‍ഡിക്കേറ്റിലേയ്ക്കും ഗവര്‍ണര്‍ കോണ്‍ഗ്രസുകാരെ നിര്‍ദ്ദേശിച്ചത് തങ്ങള്‍ അപേക്ഷ കൊടുത്തിട്ടല്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ഒരു വിദ്യാഭ്യാസ വിദഗ്ധന്റെ യോഗ്യതയ്ക്കനുസരിച്ച് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്യുന്നതിനെ ഞങ്ങള്‍ എന്തിന് വിമര്‍ശിക്കണമെന്നും സുധാകരന്‍ ചോദിച്ചു.

ഗവര്‍ണറുടെ തീരുമാനങ്ങള്‍ എന്തുതന്നെയായാലും എതിര്‍ക്കില്ല എന്ന് വ്യക്തമാക്കിയ കെപിസിസി അധ്യക്ഷന്‍ ലിസ്റ്റിലുള്ളവരുടെ യോഗ്യതകള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.