കേരളത്തിൽ സി.പി.എം- ബി.ജെ.പി അന്തർദ്ധാര; വിമർശനവുമായി കെ. സുധാകരൻ

സിപിഎമ്മിനെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തിലെ സിപിഎം നയം, ബിജെപിയുമായുള്ള അന്തർധാര നയമാണെന്നായിരുന്നു പ്രധാന ആരോപണം. ദേശീയ തലത്തിൽ സിപിഎം ബിജെപിയെ എതിർക്കുമ്പോൾ ഇവിടെ ഇടതുപക്ഷം ബിജെപിയുമായി കൊടുക്കൽ വാങ്ങൽ നടത്തുന്നു. കോൺഗ്രസിനെ ഇല്ലാതാക്കാൻ സി പി എമ്മുമായി ബിജെപി കേരളത്തിൽ ബന്ധമുണ്ടാക്കിയെന്നും, നീതി പൂർവമായ ജുഡീഷ്യൽ സംവിധാനം ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രി പണ്ടേ മുങ്ങിപ്പോകുമായിരുന്നവെന്നും സുധാകരൻ പറഞ്ഞു.

തെളിവു സഹിതമാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ പ്രതിപക്ഷം കൊണ്ടുവന്നത്. ചെന്നിത്തലയും, വിഡി സതീശനും അത് പുറത്തുവിട്ടു. എന്നിട്ടും ഒരു ഇഡിയും വരുന്നില്ല.കർണാടകയിൽ ഡി കെ ശിവകുമാറിനെ തേടി നിരവധി തവണയാണ് കേന്ദ്ര ഏജൻസികൾ എത്തിയത്. എന്നാൽ കേരളത്തിൽ പിണറായിക്കെതിരെ ഇഡി പോലും വന്നില്ലെന്നും സുധാകരൻ പറഞ്ഞു.

ലാവ്‌ലിൻ കേസ് 33തവണയാണ് മാറ്റി വച്ചത്. പിണറായിക്ക് വേണ്ടി ബിജെപി സുപ്രീം കോടതിയിൽ വരെ സമ്മർദ്ദം ചെലുത്തിയെന്നും സുധാകരൻ ആരോപിച്ചു. യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് കെ സുധാകരന്റെ പരാമർശം.