ആരിഫ് മുഹമ്മദ് ഖാനെ പോലെ ഇത്ര നാണംകെട്ട, കഴിവുകെട്ട, ഗതികെട്ട ഒരു ഗവര്‍ണറെ കേരളം ഇതിന് മുമ്പ് കണ്ടിട്ടില്ല: കെ. സുധാകരന്‍

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആരിഫിനെപ്പോലെ പോലെ ഇത്രയും നാണംകെട്ട, കഴിവുകെട്ട, ഗതികെട്ട ഒരു ഗവര്‍ണറെ കേരളം മുമ്പ് കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധാകരന്‍.

സര്‍ക്കാറിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കണ്ണൂര്‍ വി.സിയെ നിയമിച്ചതെന്ന് ഏറ്റുപറഞ്ഞ ഗവര്‍ണര്‍ ആരിഫ് ഖാന്‍ നട്ടെല്ല് ഉണ്ടെങ്കില്‍ താന്‍ ചെയ്തത് തെറ്റാണെന്ന് പറഞ്ഞു തിരുത്തേണ്ടതായിരുന്നു. പി.എസ്.സി നിയമനമടക്കം പാര്‍ട്ടി തന്നെ നടത്തുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ഭാര്യക്കും സഹോദരനും സഹോദരിക്കും ആയി ഉദ്യോഗം ലഭിക്കാന്‍ എന്തും ചെയ്യുന്ന ഭരണാധികാരികള്‍ക്ക് ലജ്ജ ഇല്ലാത്ത സ്ഥിതിയാണ്. വഴിവിട്ട മാര്‍ഗങ്ങളിലൂടെ സ്വന്തം ഭാര്യക്ക് ജോലി വാങ്ങി കൊടുക്കുന്നവര്‍ക്ക് നാണമില്ലേ സുധാകരന്‍ ചോദിച്ചു.

പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ എല്ലാം ഭരണത്തിന്റെ തണലില്‍ തോന്നിയതുപോലെ നടക്കുകയാണ്. ഇത്രയും നാണംകെട്ട ഒരു ഗവര്‍ണറെ മുമ്പ് കേരളം കണ്ടിട്ടില്ല. അധ്യാപകര്‍ക്ക് അധ്യാപനം നടത്താനുള്ള സാഹചര്യം പോലും സര്‍വകലാശാലകളില്‍ നിഷേധിക്കപ്പെടുന്നു,’ സുധാകരന്‍ വ്യക്തമാക്കി.

Read more

രാഷ്ട്രീയത്തിന്റെ വിലങ്ങുകള്‍ ഭേദിക്കാന്‍ അധ്യാപക സംഘടനകള്‍ക്ക് കഴിയണമെന്നും ഇതിനായി കോണ്‍ഗ്രസ് ഒപ്പമുണ്ടാകുമെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.