ദീപുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ മുരളീധരന്‍

കിഴക്കമ്പലത്തെ ദീപുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കെ. മുരളീധരന്‍. സംഭവത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. എം.എല്‍.എക്കെതിരെ സമരം ചെയ്യാന്‍ പോലും അവകാശമില്ലാത്ത സാഹചര്യമാണ് നാട്ടിലുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.

ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തിന് കാരണം തലയിലേറ്റ ക്ഷതമെന്നാണ്് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയില്‍ രണ്ടിടത്താണ് ക്ഷതമേറ്റത്. ക്ഷതം മൂലം രക്തധമനികള്‍ പൊട്ടി തലച്ചോറില്‍ രക്തം കട്ടപിടിച്ചു എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കരള്‍ രോഗം സ്ഥിതി വഷളാക്കിയെന്നും പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ദീപുവിന്റെ കൊലപാതക കേസിലെ എഫ്.ഐ ആറിന്റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. പ്രതികള്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെയാണ് ആക്രമണം നടത്തിയത്. ദീപു ട്വന്റി 20 യില്‍ പ്രവര്‍ത്തിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നില്‍ എന്നും ഇതില്‍ പറയുന്നു.

Read more

ഒന്നാം പ്രതി സൈനുദ്ദീന്‍ ദീപുവിന്റെ കഴുത്തിന് കുത്തിപ്പിടിച്ചു. താഴെ വീണ ദീപുവിന്റെ തലയ്ക്ക് കാലുകൊണ്ട് ചവിട്ടി. മറ്റു മൂന്നു പ്രതികള്‍ ശരീരത്തില്‍ മര്‍ദ്ദിച്ചു. പരാതിക്കാരിയായ പഞ്ചായത്ത് അംഗത്തെ പ്രതികള്‍ അസഭ്യം പറഞ്ഞു എന്നും എഫ്.ഐ ആറില്‍ പറയുന്നു.