മോദിക്ക് കേരളത്തെ മനസ്സിലായിട്ടില്ല; പൂതി മനസ്സില്‍ വെച്ചാല്‍ മതി; ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് പൂജ്യം സീറ്റായിരിക്കുമെന്ന് കെ.സി വേണുഗോപാല്‍

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില അധികാരത്തില്‍ എത്തിയത് പോലെ ബിജെപിക്ക് കേരളത്തില്‍ അധികാരത്തിലെത്താന്‍ സാധിക്കില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തെ മനസിലായിട്ടില്ല. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് പൂജ്യം സീറ്റായിരിക്കും കേരളത്തില്‍ നിന്ന് ലഭിക്കുകയെന്നും അദേഹം പറഞ്ഞു. മോദിയുടെ പൂതി മനസ്സില്‍ വെച്ചാല്‍ മതിയെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

മോദിക്ക് കേരളത്തെ ശരിക്ക് മനസ്സിലായിട്ടില്ല എന്നു വേണം കരുതാന്‍. ലോക്സഭയില്‍ പൂജ്യം സീറ്റായിരിക്കും ബി.ജെ.പിക്ക് കേരളത്തില്‍ നിന്ന് ലഭിക്കുക. കേരളം പിടിക്കുമെന്ന പൂതി മോദി മനസ്സില്‍ വെച്ചാല്‍ മതി. മോദിയെ മാതൃകയാക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഇരുവര്‍ക്കും ഒരേ ലക്ഷ്യമാണ്. കേന്ദ്രം പാചക വാതകത്തിന് വില കൂട്ടുമ്പോള്‍ ഇവിടെ ഇന്ധന സെസ് കൂട്ടുന്നു. അവിടെ മോദി ഇവിടെ പിണറായി എന്നതാണ് സ്ഥിതി. തങ്ങള്‍ക്കെതിരായി എഴുതുന്ന ആളുകളെ സി.പി.എം ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണുള്ളതെന്ന് വേണുഗോപാല്‍ പറഞ്ഞു.

അതേസമയം, കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിനു കാരണക്കാര്‍ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ ബോധ്യമുള്ളവരാണ് ഈ നാട്ടുകാര്‍.

സംഘപരിവാറില്‍ നിന്ന് കൊടിയ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപി അനുകൂല നിലപാടിലെത്താനാവില്ല. ചില താല്‍ക്കാലിക ലാഭങ്ങള്‍ക്കായി ആരെങ്കിലും നടത്തുന്ന നീക്കുപോക്കുകള്‍ ന്യൂനപക്ഷത്തിന്റെ പൊതുസ്വഭാവമാണെന്ന് കരുതുന്നത് ഭീമാബദ്ധമാണ്. വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഈ നാട് എക്കാലത്തും വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷതയുടെ കേരളമാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.