മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി എസ്. മണികുമാർ; നിയമനത്തിൽ വിയോജിപ്പ് അറിയിച്ച് പ്രതിപക്ഷ നേതാവ്

മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ നിയമിക്കാൻ തീരുമാനമെടുത്ത് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എഎൻ ഷംസീറും നിയമനത്തെ അനുകൂലിക്കുകയായിരുന്നു. എന്നാൽ ജസ്റ്റിസ് എസ്. മണികുമാറിന്റെ നിയമനത്തെ എതിർത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തുവന്നിട്ടുണ്ട്.

വിശദമായ വിയോജനക്കുറിപ്പ് പ്രതിപക്ഷ നേതാവ് സർക്കാരിനു കൈമാറും. ജസ്റ്റിസ് മണികുമാറിന് പിണറായി സർക്കാർ കോവളത്തെ ഹോട്ടലിൽ യാത്രഅയപ്പ് നൽകിയതിനെതിരെ പ്രതിപക്ഷം വിമർശനം ഉയർത്തിയിരുന്നു. സംസ്ഥാന സർക്കാർ, വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസിനു യാത്രഅയപ്പ് നൽകിയതും വിമർശനത്തിന് വഴിവെച്ചിരുന്നു.

2019 ഒക്ടോബർ 11നാണ് മണികുമാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. അതിന് മുമ്പ് അദ്ദേഹം മദ്രാസ് ഹൈക്കോടതി ജഡ്ജിയായി പ്രവർത്തിച്ചിട്ടുണ്ട്. അസിസ്റ്റന്റ് സോളിസിറ്റർ ജനറലായി പ്രവർത്തിച്ചിരുന്ന അദ്ദേഹം 2006 ജൂലൈയിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായത്. കഴിഞ്ഞ ഏപ്രിൽ 24നാണ്. എസ്. മണികുമാർ കേരള ഹൈക്കോടതിയിൽനിന്ന് വിരമിച്ചത്

സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ് മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ തെരഞ്ഞെടുക്കുന്നത്. പ്രതിപക്ഷ നേതാവ് വിയോജിച്ചാലും നിയമനം നടത്തുന്നതിൽ നിയമപരമായി തടസങ്ങളില്ല.