മൂന്നുവര്‍ഷം നീണ്ട പോരാട്ടത്തിന് ഒടുവില്‍ നിഷയ്ക്ക് നീതി; മുട്ടുമടക്കി ഖാദി ബോര്‍ഡ്, 3.37 ലക്ഷം രൂപയുടെ ചെക്ക് കൈമാറി

മൂന്ന് വര്‍ഷത്തോളമായി ഖാദി ബോര്‍ഡില്‍ നിന്ന് കിട്ടാനുള്ള ദിവസക്കൂലിക്കായി ഓഫീസുകള്‍ കയറിയിറങ്ങിയ കുറ്റിയാട്ടൂര്‍ സ്വദേശി നിഷയ്ക്ക് ഒടുവില്‍ നീതി. 3.37 ലക്ഷം രൂപയുടെ ചെക്ക് ഖാദി ബോര്‍ഡ് നിഷയ്ക്ക് കൈമാറി.

2013ല്‍ താല്‍ക്കാലികാടിസ്ഥാനത്തിലാണ് കണ്ണൂര്‍ ഖാദി ബോര്‍ഡിന്റെ വിപണന കേന്ദ്രത്തില്‍ നിഷ ജോലിക്ക് കയറുന്നത്. യുഡിഎഫ് ഭരണകാലത്തായിരുന്നു അത്. എന്നാല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നതോടെ 2017ല്‍ നിഷയെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന നിലയിലായിരുന്നു നടപടി. ഇതിനെതിരെ ലേബര്‍ കോടതിയെ സമീപിച്ച നിഷ ജോലിയില്‍ തിരികെ പ്രവേശിക്കാനുള്ള അനുകൂലവിധി നേടി.

തിരിച്ചെടുത്തില്ലെങ്കില്‍ ഉത്തരവ് വന്ന സമയം മുതലുള്ള ശമ്പളം നല്‍കണമെന്നും നല്‍കിയില്ലെങ്കില്‍ ഖാദി ബോര്‍ഡിലെ വസ്തുക്കള്‍ ജപ്തി ചെയ്ത് ശമ്പളം ഈടാക്കാനും ഉത്തരവായി. ഇതിനെതിരെ ഖാദി ബോര്‍ഡ് ഹൈക്കോടതിയില്‍ പോയെങ്കിലും ഹര്‍ജി തള്ളി. അനുകൂല ഉത്തരവും കയ്യില്‍ പിടിച്ച് കഴിഞ്ഞ മൂന്ന് കൊല്ലമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയായിരുന്നു നിഷ.

അനുകൂല വിധിയുമായി ലേബര്‍ ഓഫിസില്‍ കയറിയിറങ്ങുമ്പോഴും നിഷയെ പലകാരണങ്ങള്‍ പറഞ്ഞു അധികൃതര്‍ തിരിച്ചയച്ചു. ശമ്പളം കിട്ടാത്തതില്‍ പരാതി പറയാന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജനെ നേരില്‍ കാണാന്‍ പോയപ്പോഴും വളരെ മോശം പ്രതികരണമാണുണ്ടായതെന്നും നിഷ പറഞ്ഞിരുന്നു. ഇത് ഏറെ വാര്‍ത്ത പ്രാധാന്യം നേടിയതോടെയാണ് ഖാദി ബോര്‍ഡ് 3.37 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.