ജയരാജേട്ടനെ എനിക്ക് വളരെഇഷ്ടം; ബുള്ളറ്റ് പ്രൂഫ് കാര്‍ വാര്‍ത്തയില്‍ തെറ്റുപറ്റി; മാപ്പ് പറയാന്‍ തയാറായിരുന്നു; ബിജെപിയില്‍ അംഗത്വമെടുത്തിട്ടില്ലെന്നും സുജയ പാര്‍വതി

ബുള്ളറ്റ് പ്രൂഫ് കാര്‍ വാര്‍ത്തയില്‍ സിപിഎം നേതാവ് പി ജയരാജനോട് മാപ്പ് പറയാന്‍ തയാറായിരുന്നുവെന്ന് മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വതി. 24 ന്യൂസില്‍ ജോലി ചെയ്യുമ്പോഴാണ് ഈ വാര്‍ത്ത അവതരിപ്പിക്കേണ്ടി വന്നത്. സ്ഥാപനം അന്ന് അനുവദിച്ചിരുന്നെങ്കില്‍ പി ജയരാജനെ വിളിച്ച് പറ്റിയ അബദ്ധം ഏറ്റു പറഞ്ഞേനെ. ഈ വാര്‍ത്ത വന്നപ്പോള്‍ തന്നെ എനിക്ക് വ്യക്തപരമായ സംശയം ഉണ്ടായിരുന്നു. തുടര്‍ന്ന് പിസിആറില്‍ വിളിച്ച് അന്വേഷിച്ചിരുന്നു.

സുരക്ഷയുള്ള കാര്‍ എന്നുമാത്രമെ ആ സര്‍ക്കുലറില്‍ ഉണ്ടായിരുന്നുള്ളൂ. അത് ബുള്ളറ്റ് പ്രൂഫ് കാര്‍ എന്നാണെന്ന് ഡസ്‌കിലെ സീനിയര്‍ വ്യക്തമാക്കിയത്. തുടര്‍ന്നാണ് ഈ വാര്‍ത്ത വായിക്കേണ്ടി വന്നത്. തുടര്‍ന്ന് ഈ വാര്‍ത്ത വിവാദമായി. ഇത് എന്റെ പേരില്‍ മുദ്രകുത്തി ട്രോള്‍ ചെയ്യപ്പെട്ടു. ഇതില്‍ പി ജയരാജനോട് മാപ്പ് പറയാന്‍ തയാറായിരുന്നുവെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സുജയ പാര്‍വതി പറഞ്ഞു. എനിക്ക് പി ജയരാജേട്ടനെ ഇഷ്ടമാണ്. ആ വാര്‍ത്തയില്‍ ഖേദം ഉണ്ടെന്നും അവര്‍ പറഞ്ഞു.

താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായാല്‍ മാത്രമേ ജോലി കിട്ടൂ എന്നുണ്ടെങ്കില്‍ ആ പാര്‍ട്ടിയില്‍ പോയി ചേരുന്ന ആളുകളുണ്ട്. എന്നാല്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്ന് ജോലി വാങ്ങിയ ആളല്ല താനെന്നും സുജയ പറഞ്ഞു.

ഞാന്‍ ബിജെപിയില്‍ അംഗത്വം എടുത്തിട്ടില്ല. പിണറായി വിജയനെ ഇഷ്ടം ആണ്, മോദിയെയും എനിക്ക് ഇഷ്ടമാണ് എന്ന് കരുതി ആ പാര്‍ട്ടിയില്‍ അംഗം ആണെന്നാണോ. ഉമ്മന്‍ ചാണ്ടിയെയും പിണറായിയേയും സ്‌നേഹിക്കുന്ന എനിക്ക് എന്തുകൊണ്ട് രാജ്യത്തിന്റെ വളര്‍ച്ച നാള്‍ക്കുനാള്‍ കൂട്ടുന്ന മോദിയെ ഇഷ്ടപെട്ടുകൂടായെന്നും സുജയ അഭിമുഖത്തില്‍ ചോദിക്കുന്നു.

ട്രോളുകള്‍ അങ്ങനെ വിഷമിപ്പിക്കാറില്ല എന്നുപറഞ്ഞ സുജയ താന്‍ ചില്‍ മൂഡില്‍ ആണ് എപ്പോഴുമെന്നും പറയുന്നു. അടുത്തിടയ്ക്ക് ഞാന്‍ സ്റ്റുഡിയോയില്‍ നടക്കുന്ന ഒരു വീഡിയോ നാഗവല്ലി മോഡില്‍ വന്നിരുന്നു. പക്ഷെ അത് കണ്ട് ഞാന്‍ കുറെ ചിരിച്ചു. നമ്മളെക്കാളും ക്രിയേറ്റിവ് ആയ ആളുകള്‍ ആണ് ട്രോളന്മാരെന്നും സുജയ പറഞ്ഞു.