'ജോസ് കെ. മാണി കുലംകുത്തി, പോളിംഗ് ബൂത്തില്‍ എത്തുമ്പോള്‍ ഓര്‍ക്കണം'; സേവ് സി.പി.എം ഫോറത്തിന്റെ പേരിൽ പാലായില്‍ പോസ്റ്ററുകള്‍ 

പാലാ നഗരസഭയിലുണ്ടായ കൈയാങ്കളി പ്രതികരണവുമായി കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി.  വ്യക്തിപരമായ പ്രശ്‌നത്തിന്റെ പേരിലാണെന്ന് തമ്മിലടിയെന്നും ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു. സിപിഎമ്മും കേരള കോണ്‍ഗ്രസും ഒറ്റക്കെട്ടെന്നും ജോസ് കെ.മാണി പാലായില്‍ പറഞ്ഞു.

അതേസമയം ഇന്നലെ ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പാലായില്‍ ജോസ് കെ മാണിക്കെതിരെ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ജോസ് കെ മാണി കുലംകുത്തിയാണെന്നാണ് പോസ്റ്ററുകള്‍. പോളിംഗ് ബൂത്തില്‍ എത്തുമ്പോള്‍ ഇത് ഓര്‍ക്കണമെന്നും പോസ്റ്ററില്‍ ആഹ്വാനം ചെയ്തു. സേവ് സിപിഐഎം ഫോറത്തിന്റെ പേരിലാണ് പാലാ നഗരത്തില്‍ പോസ്റ്ററുകള്‍ പതിച്ചത്. ഇതോടെ ഇരുകൂട്ടരും തമ്മില്‍ ആഭ്യന്തര പ്രശ്‌നം ഉണ്ടെന്ന് വ്യക്തമാണ്.

കഴിഞ്ഞ ദിവസം നഗരസഭാ കൗണ്‍സില്‍ യോഗം ചേര്‍ന്നപ്പോള്‍, നേരത്തെയുണ്ടായിരുന്ന സ്റ്റാന്‍ഡിംഗ് കമ്മറ്റിയുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം സിപിഐഎമ്മിന്റെ ബിനു പുളിക്കകണ്ടം ഉന്നയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസിന്റെ ബൈജു കൊല്ലംപറമ്പില്‍ രംഗത്തെത്തുകയായിരുന്നു. ഇരുവരും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് കൈയാങ്കളിയും ഉണ്ടാവുകയായിരുന്നു. ആദ്യം ബിനുവിനെ ബൈജു തള്ളിയിട്ടു. പിന്നീട് പിന്നിലൂടെ വന്ന് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ബിനുവും തിരിച്ചടിച്ചു. സംഭവം കൈയാങ്കളിയിലേക്ക് തിരിഞ്ഞതോടെ ഇരുവിഭാഗത്തെയും കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞ് വെല്ലുവിളികളും ഭീഷണികളും ഉയര്‍ത്തി.

ഇതോടെ, കൗണ്‍സില്‍ പിരിച്ചു വിടുകയാണെന്ന് ചെയര്‍മാന്‍ അറിയിച്ചു. പിരിഞ്ഞു പോവുകയായിരുന്ന ബൈജുവിനെ ബിനു പുറകിലൂടെയെത്തി വീണ്ടും മര്‍ദ്ദിച്ചെന്നാണ് വിവരം. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ജോസ് കെ മാണി കൂറുമാറിയതിന് പിന്നാലെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാലാ നഗരസഭാ ഭരണം ഇടതിന്റെ കൈകളിലെത്തിയത്. കേരള കോണ്‍ഗ്രസ് എം-സിപിഐഎം സഖ്യമാണ് നഗരസഭ ഭരിക്കുന്നത്. സഖ്യകക്ഷികളാണെങ്കിലും പല കാര്യങ്ങളിലും ഇരുപാര്‍ട്ടികളും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ്. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചേരുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നേരത്തെ തന്നെയുണ്ടായിരുന്നു.