പിഎം ശ്രീയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയില്‍ പാലമായി നിന്നത് ജോണ്‍ ബ്രിട്ടാസ്; സര്‍വ്വസമ്മതത്തോടെ കേരളം ധാരണയില്‍ ഒപ്പിട്ടു, രാജ്യസഭയില്‍ ബ്രിട്ടാസിനെ അഭിനന്ദിച്ച് കേന്ദ്രവിദ്യാഭ്യാസ മന്ത്രി

പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയില്‍ പാലമായത് ജോണ്‍ ബ്രിട്ടാസ് എംപിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ഇക്കാര്യത്തില്‍ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. സര്‍വ സമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രവുമായി കേരളം ധാരണാപത്രത്തില്‍ ഒപ്പിട്ടതെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വെളിപ്പെടുത്തി.

കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് എന്ത് സംഭവിച്ചു എന്ന് തനിക്ക് അറിയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിലെ ആഭ്യന്തര തര്‍ക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാകുന്നതെന്നും ആശയക്കുഴപ്പം ഉണ്ടാക്കിയത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ പറഞ്ഞു.

ആരുമറിയാതെ മന്ത്രിസഭയില്‍ പോലും വ്യക്തമായി ചര്‍ച്ച നടത്താതെ പിഎംശ്രീയില്‍ ഒപ്പിട്ടത് സംസ്ഥാനത്ത് വലിയ വിവാദമായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയില്‍ ചേരില്ലെന്നായിരുന്നു കേരളം ആദ്യം മുതലേ സ്വീകരിച്ചിരുന്ന നിലപാട്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായിരുന്നു ഇത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഡല്‍ഹി സന്ദര്‍ശനവും അമിത് ഷാ കൂടിക്കാഴ്ചയുമെല്ലാം കഴിഞ്ഞതിന് പിന്നാലെ കേരളം പിഎംശ്രീയില്‍ ഒപ്പിട്ടുവെന്ന വാര്‍ത്ത പുറത്തുവന്നു. കഴിഞ്ഞ ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തിലാണ് ഘടകകക്ഷികള്‍ പോലും അറിയാതെ പി എം ശ്രീ പദ്ധതിയില്‍ ചേരുന്നതായി കേരള സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ സി പി ഐ അടക്കം ശക്തമായ എതിര്‍പ്പ് ഉന്നയിച്ചതോടെ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി കേന്ദ്രത്തെ കേരളം അറിയിക്കുകയായിരുന്നു. പി എം ശ്രീ പദ്ധതിയില്‍ തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തു. സംസ്ഥാനത്ത് വലിയ ചര്‍ച്ചയായ ഇക്കാര്യത്തിലാണ് ഇപ്പോള്‍ ഒപ്പിടലില്‍ കേന്ദ്രത്തിനും കേരളത്തിനും ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍.

Read more

കേന്ദ്രമന്ത്രി പറഞ്ഞത് സത്യം തന്നെയെന്നും പലതവണ മന്ത്രിയെ കണ്ടിട്ടുണ്ടെന്നും മധ്യസ്ഥം വഹിച്ചത് കേരളത്തിന് വേണ്ടിയെന്നും ജോണ്‍ ബ്രിട്ടാസ് പാര്‍ലമെന്റിനു പുറത്തു പറഞ്ഞു. കേരളത്തിന്റെ വിഷയം ഏറ്റെടുത്ത് കേന്ദ്ര മന്ത്രിയുടെ അടുത്തു പോയി എന്ന് പറഞ്ഞതില്‍ സന്തോഷമേയുള്ളു. എന്നാല്‍ പിഎം ശ്രീ കരാര്‍ ഒപ്പിടുന്നതില്‍ മധ്യസ്ഥം വഹിച്ചിട്ടില്ലെന്നുമാണ് ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണം.